റോലാൻഡ്‌ ആൽബെർഗ് അപകടകാരിയാണ്, അദ്ദേഹത്തെ ഇന്ന് ശാന്തനാക്കി നിർത്തണം – ജെയിംസ് ഡോണച്ചി

ഐഎസ്എല്ലിലെ സൂപ്പർ സൺഡേയിൽ ഇന്ന് ലീഗിന്റെ വിധി നിർണയിക്കുന്ന രണ്ട് മത്സരങ്ങൾക്കാണ് ആരാധകർ സാക്ഷ്യം വഹിക്കാൻ പോകുന്നത്. അവസാന നാലിൽ എത്താൻ ഹൈദരാബാദ് എഫ് സിയും എഫ് സി ഗോവയും തീ പാറുന്ന പോരാട്ടം തന്നെ കാഴ്ച വെക്കും എന്നത് തീർച്ച.

മത്സരത്തിന് മുന്നോടിയായി മനസ്സ് തുറന്ന എഫ് സി ഗോവ ഡിഫൻഡർ ജെയിംസ് ഡോണച്ചിയാണ് തന്റെ ഇന്നത്തെ പ്രധാന ധൗത്യത്തെ പറ്റി വെളിപ്പെടുത്തിയത്.

ഗോവയുമായി ഏറ്റുമുട്ടാൻ നിൽക്കുന്ന ഹൈദരാബാദ് ഇന്ന് അവരുടെ പ്രധാന കുന്തമുനയായ അരിടാനെ സന്റാന ഇല്ലാതെയാണ് കളിക്കളത്തിൽ ഇറങ്ങുന്നത്. സസ്പെൻഷൻ മൂലം താരത്തിന് കളി ഇന്ന് നഷ്ടപ്പെടും.

പക്ഷേ സന്റാന ഇല്ലെങ്കിലും ഹൈദരാബാദിനെ വിലകുറച്ചു കാണുന്നില്ലെന്നും അവർക്ക് ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടീമിൽ വന്ന ഒരു മധ്യനിരതാരം (റോലാൻഡ്‌ ആൽബെർഗ്) ഉണ്ടെന്നും, കളത്തിൽ അപകടകാരിയാവാൻ സാധ്യതയുള്ള അദ്ദേഹത്തെ നിശ്ശബ്ദനാക്കി നിർത്തുകയാണ് തന്റെ ഇന്നത്തെ പ്രധാന ഉത്തരവാദിത്വം എന്നും ഡോണച്ചി കൂട്ടിച്ചേർത്തു.

ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടീമിൽ എത്തിയ ആൽബെർഗ് ഇതിനോടകം 7 കളികളിൽ നിന്നും ഒരു ഗോളും ഒരു അസിസ്റ്റും നേടി കഴിഞ്ഞു.