ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ പ്ലേ ഓഫ് മത്സരത്തിലെ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാക്കാതെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയിരുന്നു. വലിയ വിവാദമായിരുന്നു ഈ സംഭവം ഉണ്ടാക്കിയത്. ഇന്ത്യൻ നായകൻ സുനിൽ ഛേത്രി നേടിയ വിവാദഗോളിലൂടെ ആയിരുന്നു സംഭവവികാസങ്ങൾക്ക് തുടക്കം.സംഭവത്തിൽ പ്രതിഷേധിച്ച് മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്സിനെതിരെ കനത്ത നടപടിയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സ്വീകരിച്ചത്. നാല് കോടി രൂപയാണ് മഞ്ഞപ്പടക്കെതിരെ പിഴ ശിക്ഷയായി വിധിച്ചത്. മുഖ്യ പരിശീലകനായ ഇവാൻ വുകാമാനോവിച്ചിനെതിരെ 10 മത്സരങ്ങളുടെ വിലക്കാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഏർപ്പെടുത്തിയത്.
ബ്ലാസ്റ്റേഴ്സിനും പരിശീലകനും ശിക്ഷക്കെതിരെ അപ്പീൽ നൽകുവാൻ അവസരമുണ്ട്. ബ്ലാസ്റ്റേഴ്സ് പരിശീലകന് 10 മത്സരങ്ങളുടെ വിലക്കിന് പുറമേ അഞ്ച് ലക്ഷം രൂപ പിഴയും ഉണ്ട്. പൊതുമാപ്പ് പറഞ്ഞില്ലെങ്കിൽ അഞ്ച് ലക്ഷത്തിൽ നിന്നും പിഴ പത്തുലക്ഷമായി വർദ്ധിപ്പിക്കും. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന 10 മത്സരങ്ങളിൽ നിന്നാണ് സെർബിയൻ പരിശീലകനെ വിലക്കിയിട്ടുള്ളത്. നിലവിൽ ഇന്ത്യൻ സൂപ്പർ കപ്പിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയാണ് പരിശീലകനെ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക്. കേരള ബ്ലാസ്റ്റേഴ്സ് വിചാരിച്ചിരുന്നത് തങ്ങൾ പ്രതീക്ഷിച്ചതുപോലെ ഇന്ത്യൻ സൂപ്പർ ലീഗ് അവസാനിപ്പിക്കാൻ സാധിക്കാത്തതിനാൽ അതിൻ്റെ ക്ഷീണം സൂപ്പർ കപ്പിൽ തീർക്കാം എന്നായിരുന്നു.
എന്നാൽ ആ പ്രതീക്ഷയ്ക്ക് മങ്ങൽ ഏൽപ്പിക്കുന്നതാണ് ഈ വിധി. മൂന്ന് മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ സൂപ്പർ കപ്പിൽ ഉള്ളത്. ഗ്ലാസ് പഞ്ചാബ് എഫ്സിയുമായി ഏപ്രിൽ എട്ടിന് ആണ് ആദ്യ മത്സരം. യോഗ്യത റൗണ്ട് കടന്ന് ഏപ്രിൽ 12ന് ഗ്രൂപ്പ് എ യിൽ എത്തുന്ന ടീമും ആയാണ് അടുത്ത മത്സരം. ബാംഗ്ലൂർ എഫ്സിയുമായി ഏപ്രിൽ 16ന് ആണ് മൂന്നാമത്തെ മത്സരം. സെമി ഫൈനലിൽ പ്രവേശിക്കണമെങ്കിൽ ഗ്രൂപ്പ് ജേതാക്കൾ ആകണം. സെമി ഫൈനലും വിജയിച്ച് ഫൈനലിൽ എത്തിയാൽ, അങ്ങനെ സംഭവിച്ചാൽ ഇവാന് 5 മത്സരങ്ങൾ നഷ്ടമാകും. ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായാൽ ഇവാന് നഷ്ടപ്പെടുക മൂന്ന് മത്സരങ്ങൾ ആയിരിക്കും.
ഇന്ത്യൻ സൂപ്പർ കപ്പ് കഴിഞ്ഞാൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കീഴിൽ അരങ്ങേറുന്നത് ഡ്യൂറൻഡ് കപ്പാണ്. ഈ ടൂർണമെന്റ് അരങ്ങേറുക ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ആയിരിക്കും. ഇതിൻ്റെ ഫിക്സ്ചർ ഇതുവരെയും തയ്യാറായിട്ടില്ല. ഈ ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ 4 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കേണ്ടത്. എന്നാൽ ഇതുവരെയും ഈ ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടം ബ്ലാസ്റ്റേഴ്സ് കടന്നിട്ടില്ല. സൂപ്പർ കപ്പ്, ഡ്യൂറൻഡ് കപ്പ് എന്നീ ടൂർണമെന്റുകളിലെ ഗ്രൂപ്പ് ഘട്ടത്തിൽ മാത്രമായി 7 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് നഷ്ടമാവുക. ഈ രണ്ട് ടൂർണമെന്റുകളിലെയും ഗ്രൂപ്പ് ഘട്ടം ബ്ലാസ്റ്റേഴ്സ് കളഞ്ഞിട്ടില്ലെങ്കിൽ ഐഎസ്എല്ലിലെ ആദ്യ മൂന്നു മത്സരങ്ങളും ഇവാൻ നഷ്ടമാകും. അതുകൊണ്ടു തന്നെ ഈ വിലക്ക് ഇന്ത്യൻ സൂപ്പർ ലീഗിൽ ടീമിനെ കാര്യമായി ബാധിക്കില്ല എന്നത് ബ്ലാസ്റ്റേഴ്സിനെ ആശ്വാസമാണ്.