ഇരട്ട ഗോളുമായി സുനില്‍ ചേത്രി. വിജവുമായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം

2022 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വിജയവുമായി ഇന്ത്യ. സുനില്‍ ചേത്രിയുടെ ഇരട്ട ഗോളില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. മലയാളി താരം ആഷീഖ് കരുണിയന്‍റെ ക്രോസില്‍ നിന്നുമാണ് സുനില്‍ ചേത്രിയുടെ ഹെഡര്‍ ഗോള്‍ പിറന്നത്. ഇഞ്ചുറി ടൈമില്‍ തകര്‍പ്പന്‍ ഫിനിഷിലൂടെ ചേത്രി തന്‍റെ ഇരട്ട ഗോള്‍ പൂര്‍ത്തിയാക്കി.

ഒട്ടേറെ അവസരങ്ങള്‍ പാഴാക്കിയതിനു ശേഷമാണ് ഇന്ത്യയുടെ വിജയ ഗോള്‍ പിറന്നത്. ആദ്യ മിനിറ്റു മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യ പലവട്ടം ഗോളിന് അരികിലെത്തി. ബംഗ്ലാദേശ് ഡിഫന്‍സിനെ കീറി മുറിച്ച ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിന്‍റെ പാസ്സ് മന്‍വീറിനു ലക്ഷ്യത്തില്‍ എത്തിക്കാനായില്ലാ. 35ാം മിനിറ്റില്‍ ഗോളെന്നൊറപ്പിച്ച സനയുടെ ഹെഡര്‍, ഗോള്‍ ലൈന്‍ സേവോടെ ബംഗ്ലാദേശ് താരം രക്ഷപ്പെടുത്തി.

കൗണ്ടര്‍ അറ്റാക്കിലൂടെ ബംഗ്ലാദേശ് തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും സന്ദേശ് ജിങ്കന്‍ നയിച്ച പ്രതിരോധം ഉറച്ച് നിന്നു. 79ാം മിനിറ്റിലാണ് ഇന്ത്യ ആദ്യ ഗോള്‍ നേടിയത്. ഇടതു വിങ്ങില്‍ നിന്നും ആഷീഖിന്‍റെ ക്രോസ് സുനില്‍ ചേത്രിയെ ലക്ഷ്യമാക്കി എത്തി. സുനില്‍ ചേത്രിയുടെ സുന്ദരമായ ഹെഡര്‍ ഗോള്‍കീപ്പറെ മറികടന്നു. ഇഞ്ചുറി ടൈമില്‍ സുരേഷിന്‍റെ പാസ്സില്‍ നിന്നും മികച്ച ഫിനിഷിലൂടെ സുനില്‍ ചേത്രി ഇരട്ട ഗോള്‍ പൂര്‍ത്തിയാക്കി.