5 വര്‍ഷത്തെ കരാറില്‍ ഇറ്റലി ഗോള്‍കീപ്പര്‍ ഡൊണറുമ്മ പിഎസ്ജിയില്‍

ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ഡൊണറുമ്മ ഇനി പിഎസ്ജിക്ക് വേണ്ടി കളിക്കും. സിരീ ഏ ക്ലബായ ഏസി മിലാനില്‍ കരാര്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് ഡൊണറുമ്മ ലീഗ് വണില്‍ എത്തിയത്. 5 വര്‍ഷത്തെ കരാറില്‍ ടീമിലെത്തിയ താരം 2026 വരെ തുടരും.

ഇക്കഴിഞ്ഞ യൂറോകപ്പ് നേടിയ ഇറ്റലി ടീമിലെ ഗോള്‍കീപ്പറാണ് ഡൊണറുമ്മ. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടുമ്പോള്‍ ഡൊണറുമ്മ രണ്ട് പെനാല്‍റ്റി കിക്കുകള്‍ തടഞ്ഞിട്ടിരുന്നു.

2015 ല്‍ 16ാം വയസ്സിലാണ് ഡൊണറുമ്മ ഏസി മിലാനില്‍ എത്തുന്നത്. അവിടെ 215 സിരീ ഏ മത്സരങ്ങള്‍ കളിച്ചു. 2016 ല്‍ ഇറ്റാലിയന്‍ സൂപ്പര്‍ കോപ്പാ കിരീടം നേടി. ഇക്കഴിഞ്ഞ ലീഗ് സീസണില്‍ ബെസ്റ്റ് ഗോള്‍കീപ്പര്‍ അവാര്‍ഡുമായാണ് ഡൊണറുമ്മ സിരീ ഏ വിടുന്നത്.