ഞാന്‍ ഇവിടെ വന്നിരിക്കുന്നത് രണ്ട് കാരണങ്ങള്‍കൊണ്ട്. അരങ്ങേറ്റത്തിനു മുന്‍പ് നടത്തിയ റൊണാള്‍ഡോയുടെ പ്രസംഗം.

ന്യൂക്യാസ്റ്റില്‍ യൂണൈറ്റഡിനെതിരെ ഇരട്ട ഗോള്‍ നേടിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയത്. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്‍റെ വിജയം. മത്സരത്തിനു മുന്‍പായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഡ്രസിങ്ങ് റൂമില്‍ സഹതാരങ്ങള്‍ക്കായി നടത്തിയ ചെറിയ പ്രസംഗമാണ് ഇപ്പോള്‍ വൈറല്‍.

താന്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിലേക്ക് തിരിച്ചെത്തിയത് രണ്ട് കാരണങ്ങളാലാണ് എന്ന് ക്രിസ്റ്റ്യനോ റൊണാള്‍ഡോ പറഞ്ഞു. ” രണ്ട് കാരണങ്ങളാലാണ് ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്. ഒന്നാമത്തേത് എന്തെന്നാൽ ഞാൻ ഈ ക്ലബ്ബിനെ സ്നേഹിക്കുന്നു. വിജയമനോഭാവം വളർത്തുന്നതിൽ ക്ലബിനുള്ള സ്ഥാനമാണ് രണ്ടാമതായി ഞാനിഷ്ടപ്പെടുന്ന കാര്യം.”

Manchester United v Newcastle United Premier Lea 9590f64bc9a89877793096ed4bf4d4e0

”നിങ്ങൾ വിജയിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നിങ്ങൾ ഈ ക്ലബ്ബിനെ സ്നേഹിക്കണം. നിങ്ങൾ ഈ ക്ലബ്ബിനായി കഴിക്കുകയും, ഉറങ്ങുകയും, പോരാടുകയും വേണം. കളിച്ചാലും ഇല്ലെങ്കിലും നിങ്ങൾ നിങ്ങളുടെ സഹതാരങ്ങളെ‌ പിന്തുണക്കുകയും, എല്ലായ്പ്പോളും ക്ലബ്ബിന് നിങ്ങളുടെ 100% നൽകുകയും വേണം.”

“ഞാൻ ഇവിടെ വന്നത് ജയിക്കാനാണ് മറ്റൊന്നിനുമല്ല. വിജയം നമുക്ക് സന്തോഷം നൽകുന്നു. ഞാൻ സന്തോഷവാനായിരിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങളും?

” നിങ്ങളെല്ലാവരും മികച്ച കളിക്കാരാണ്. ഞാന്‍ നിങ്ങളില്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ ഞാന്‍ ഇവിടേക്ക് മടങ്ങി വരില്ലായിരുന്നു. നിങ്ങള്‍ നിങ്ങളുടെ മികച്ചത് നല്‍കിയാല്‍ ആരാധകര്‍ നിങ്ങളെ പിന്തുണക്കും. ഞാന്‍ ജയിക്കാനുള്ള ഒരു മാനസികാവസ്ഥ ഉണ്ടാക്കാനാണ് ഇവിടെ എത്തിയിരിക്കുന്നത്. ഞാൻ ഒരു ദിവസം വിരമിക്കുമ്പോൾ, ഈ മാനസികാവസ്ഥ നിലനിൽക്കുകയും, ഈ കളിക്കാർ പണ്ട് നമ്മള്‍ ചെയ്തതുപോലെ ഫുട്ബോളില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യും ”

” ടീമിന് വേണ്ടി ഞാൻ എന്റെ പരമാവധി ചെയ്യും, പക്ഷേ എനിക്ക് നിങ്ങളുടെ പിന്തുണയും ആവശ്യമാണ്. നിങ്ങൾ യുദ്ധം ചെയ്യാൻ തയ്യാറാണോ? എല്ലാം കളിക്കളത്തിൽ ഉപേക്ഷിക്കാൻ നിങ്ങൾ തയ്യാറാണോ? ” ന്യൂകാസ്റ്റില്‍ യൂണൈറ്റഡിനെതിരായ മത്സരത്തിനു മുന്നോടിയായി റൊണാള്‍ഡോ സഹകളിക്കാരോട് പറഞ്ഞു.