അവിശ്വസിനീയം ബാഴ്സലോണ. ഗംഭീര തിരിച്ചുവരവുമായി കോപ്പാ ഡെല്‍ റേ ഫൈനലില്‍

ശക്തരായ സെവ്വിയയെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ചു ബാഴ്സലോണ കോപ്പാ ഡെല്‍ റേ ഫൈനലില്‍ കടന്നു. ആദ്യ പാദത്തിലെ രണ്ടു ഗോളിന്‍റെ തോല്‍വി ഏറ്റുവാങ്ങിയ ബാഴ്സലോണ, ഡെംമ്പലേ, പീക്വേ, ബ്രാത്ത്വെയ്റ്റ് എന്നിവരുടെ ഗോളിലാണ് മത്സരം വിജയിച്ചത്. പെനാല്‍റ്റി രക്ഷപ്പെടുത്തിയ ടെര്‍ സ്റ്റേഗനും നിര്‍ണായക സംഭാവന നടത്തി.

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബാഴ്സലോണ, 12ാം മിനിറ്റില്‍ ബോക്സിനു പുറത്ത് നിന്നും എടുത്ത ഷോട്ടില്‍ നിന്നും ഡെംമ്പലേ ലക്ഷ്യം കണ്ടു. കൗണ്ടര്‍ അറ്റാക്ക് തടയുവാനായി ലൂക്കാസ് ഓസ്കാംമ്പസിനെ ഫൗള്‍ ചെയ്തതിനു രണ്ടാം പകുതിയില്‍ സെവ്വിയക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. എന്നാല്‍ പെനാല്‍റ്റി രക്ഷപ്പെടുത്തി ടെര്‍ സ്റ്റേഗന്‍ ബാഴ്സലോണയുടെ രക്ഷകനായി.

മത്സരത്തിന്‍റെ അവസാന നിമിഷത്തില്‍ സെവ്വിയന്‍ മിഡ്ഫീല്‍ഡര്‍ ഫെര്‍ണാണ്ടോ രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് പുറത്തായി. ലയണല്‍ മെസ്സി എടുത്ത ഫ്രീകിക്ക് വാളില്‍ തട്ടി കോര്‍ണറായി മാറി. ഈ കോര്‍ണറില്‍ നിന്നും പീക്വേ ഗോള്‍ നേടി മത്സരം എക്സ്ട്രാ ടൈമിലേക്ക് എത്തിച്ചു.

എക്സ്ട്രാ ടൈമിലെ ആദ്യ അഞ്ച് മിനിറ്റിനുള്ളില്‍ പകരക്കാരനായി ഇറങ്ങിയ ബ്രാത്ത്വെയ്റ്റിന്‍റെ ഹെഡര്‍ ഗോള്‍ ബാഴ്സലോണയെ വിജയത്തിലേക്ക് നയിച്ചു. ബാഴ്സലോണ ബോക്സില്‍ ലെങ്ങ്ലെറ്റിനെതിരെ ഹാന്‍ഡ് ബോള്‍ വിളി ഉയര്‍ന്നെങ്കിലും വാറിലൂടെ അത് നിഷേധിച്ചു.

അത്ലറ്റിക്കോ ബില്‍ബാവോ – ലെവാന്‍റെ മത്സരത്തിലെ വിജയിയെ ഫൈനലില്‍ ബാഴ്സലോണ നേരിടും. ഏപ്രില്‍ 17 നാണ് ഫൈനല്‍