അഗ്യൂറോ മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ് വിടുന്നു. കരാര്‍ പുതുക്കുന്നില്ലാ.

Sergio Aguero

സീസണിന്‍റെ അവസാനത്തില്‍ സ്ട്രൈക്കര്‍ അഗ്യൂറോ ക്ലബ് വിടുമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പ്രഖ്യാപിച്ചു. 2021 വരെയാണ് അഗ്യൂറോയുമായി മാഞ്ചസ്റ്റര്‍ സിറ്റിക്ക് കരാറുള്ളത്. ഇതു പുതുക്കില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി അറിയിച്ചു. അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്നും 2011 ലാണ് അര്‍ജന്‍റീനന്‍ താരം സിറ്റി ക്ലബിലെത്തുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ് വിടുന്നതോടെ യൂറോപ്പിലെ വമ്പന്‍ ക്ലബുകള്‍ അഗ്യൂറോക്കായി നോക്കിയിരിക്കുകയാണ്.

https://www.instagram.com/p/CNBku09j-kv/

സീസണിലെ അഞ്ച് പ്രീമിയര്‍ ലീഗ് മത്സരങ്ങളിലും ചാംപ്യന്‍സ് ലീഗിലും മാത്രമാണ് അഗ്യൂറോ ആദ്യ ലൈനപ്പില്‍ എത്തിയത്. പരിക്ക് കാരണം ഒക്ടോബര്‍ വരെയുള്ള മത്സരങ്ങള്‍ നഷ്ടമായി. പിന്നീട് തിരിച്ചെത്തിയെങ്കിലും ഹാംസ്ട്രിങ്ങ് പരിക്ക് കാരണം വീണ്ടും തിരിച്ചു കയറേണ്ടി വന്നു.

384 മത്സരങ്ങളില്‍ നിന്നും 257 ഗോള്‍ നേടി പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ വിദേശ താരമാണ് അഗ്യൂറോ. 2012 ല്‍ ക്യൂന്‍ പാര്‍ക്ക് റേഞ്ചേഴ്സിനെതിരെ ഇഞ്ചുറി ടൈമില്‍ പിറന്ന ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് കിരീടം നേടുമ്പോള്‍ അന്ന് ഗോള്‍ നേടിയത് അഗ്യൂറോയാണ്. 4 പ്രീമിയര്‍ ലീഗ് കിരീടം അടക്കം 10 പ്രമുഖ കിരീടങ്ങളാണ് മാഞ്ചസ്റ്റര്‍ സിറ്റിയിലായിരുന്നപ്പോള്‍ അഗ്യൂറോ നേടിയത്. വരുന്ന രണ്ട് മാസം നാല് കിരീടങ്ങള്‍ നേടാന്‍ അഗ്യൂറോക്ക് അവസരമുണ്ട്.

അഗ്യൂറോ ക്ലബ് വിടുന്നതോടെ പുതിയ താരത്തെ മാഞ്ചസ്റ്റര്‍ സിറ്റി അന്വേഷിക്കുന്നുണ്ട്. ഡോര്‍ട്ട്മുണ്ടിന്‍റെ ഹാളണ്ടിനെയാണ് മാഞ്ചസ്റ്റര്‍ സിറ്റി നോട്ടമിടുന്ന പ്രമുഖ താരം.

Scroll to Top