ഇരട്ട ഗോളും അസിസ്റ്റുമായി കരീം ബെന്‍സേമ. റയല്‍ മാഡ്രിഡിനു വിജയം.

Benzema

ലാലീഗ മത്സരത്തില്‍ സെല്‍റ്റ വിഗോക്കെതിരെ തകര്‍പ്പന്‍ വിജയം നേടി റയല്‍ മാഡ്രിഡ്. കരീം ബെന്‍സേമയുടെ ഇരട്ട ഗോളും അസിസ്റ്റുമാണ് റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് വിജയത്തിലേക്ക് നയിച്ചത്.

തുടര്‍ച്ചയായ ആറാം മത്സരത്തില്‍ ഗോള്‍ നേടിയ കരീം ബെന്‍സേമ, ടോണി ക്രൂസ് ഒരുക്കിയ അവസരത്തില്‍ നിന്നുമാണ് റയല്‍ മാഡ്രിഡിനു ലീഡ് നേടി കൊടുത്തത്. 30ാം മിനിറ്റില്‍ വീണ്ടും ടോണി ക്രൂസ് ബെന്‍സേമക്കായി അവസരം ഒരുക്കി കൊടുത്തു. ആദ്യ പകുതിയില്‍ സാന്‍റി മിന ഒരു ഗോള്‍ സെല്‍റ്റ വിഗോക്കായി മടക്കി.

രണ്ടാം പകുതിയില്‍ തകര്‍പ്പന്‍ സേവുമായി തിബോ കോര്‍ട്ടോ ഗോളവസരം തടഞ്ഞപ്പോള്‍, ഇയാഗോ ആസ്പാസിന്‍റെ ഫ്രീകിക്ക് പോസ്റ്റില്‍ തട്ടി തെറിച്ചു. മത്സരത്തിന്‍റെ ഇഞ്ചുറി ടൈമില്‍ ബെന്‍സേമയുടെ ക്രോസില്‍ നിന്നും അസെന്‍സിയോ ഗോള്‍ കണ്ടെത്തി.

പോയിന്‍റ് പട്ടികയില്‍ 28 മത്സരങ്ങളില്‍ നിന്നും 60 പോയിന്‍റുമായി റയല്‍ മാഡ്രിഡ് രണ്ടാമതാണ്.