“അവനെപോലെ ഏതെങ്കിലും നായകന്മാർ ഇങ്ങനെ ടീമിൽ നിന്ന് മാറിനിൽക്കുമോ”, രോഹിതിനെ പ്രതിരോധിച്ച് യുവി

2024 ട്വന്റി20 ലോകകപ്പിന് ശേഷമുള്ള മോശം പ്രകടനങ്ങളുടെ പേരിൽ രോഹിത് ശർമയെ മോശം ക്യാപ്റ്റനായി വിലയിരുത്താൻ സാധിക്കില്ല എന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ്. തന്റെ മുൻ സഹതാരം കൂടിയായിരുന്ന രോഹിത് ശർമയെ പ്രതിരോധിച്ചാണ് യുവരാജ് സിംഗ് രംഗത്ത് എത്തിയത്.

ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ മോശം പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ രോഹിത്തിനെതിരെ വലിയ വിമർശനങ്ങൾ ആയിരുന്നു എത്തിയത്. മുൻ താരങ്ങളടക്കം രോഹിത്തിനെ ഇന്ത്യൻ നായക പദവിയിൽ നിന്നും മാറ്റണമെന്ന രീതിയിൽ രംഗത്ത് വന്നു. പക്ഷേ ഇതിനെല്ലാം ഉത്തരം നൽകിയിരിക്കുകയാണ് യുവരാജ് ഇപ്പോൾ.

“സാധാരണയായി ഞാൻ 5 വർഷങ്ങളോ 3 വർഷങ്ങളോ കൂടുമ്പോൾ ടീമിന്റെ ഗ്രാഫ് കൃത്യമായി പരിശോധിക്കറുണ്ട്. നിലവിൽ ഗൗതം ഗംഭീർ ഇന്ത്യയുടെ സിസ്റ്റത്തിലേക്ക് കടന്നു വന്നതേയുള്ളൂ. അതുകൊണ്ടുതന്നെ ഗംഭീറിന് കുറച്ചധികം സമയം ആവശ്യമാണ്. നായകൻ എന്ന നിലയിൽ രോഹിത് ട്വന്റി20 ലോകകപ്പിൽ വിജയം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. രോഹിത് നായകനായുള്ള സമയത്ത് തന്നെയാണ് ഇന്ത്യ ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരം വരെ എത്തിയത് എന്ന് നമ്മൾ ആലോചിക്കണം. മാത്രമല്ല ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിനെ നയിച്ച് 5 തവണ കിരീടം സ്വന്തമാക്കിയ നായകൻ കൂടിയാണ് രോഹിത്.”- യുവരാജ് പറയുന്നു.

ഓസ്ട്രേലിയൻ മണ്ണിൽ നടന്ന അവസാന ടെസ്റ്റ് മത്സരത്തിൽ രോഹിത് ശർമ ഇന്ത്യൻ ടീമിൽ നിന്ന് മാറി നിന്നിരുന്നു. ഇതിനെ സംബന്ധിച്ച് യുവരാജ് തന്റെ നിലപാട് വ്യക്തമാക്കി. “ബോർഡർ- ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരത്തിൽ രോഹിത് ശർമ സ്വമേധയാ മാറിനിൽക്കുകയാണ് ഉണ്ടായത്. അങ്ങനെ മറ്റൊരു താരത്തിന് അവസരം ഉണ്ടാക്കി കൊടുക്കാനാണ് അവൻ ശ്രമിച്ചത്. നമ്മുടെ ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാൽ എത്ര നായകന്മാർ ഇത്തരത്തിൽ മാറിനിന്നു എന്ന് മനസ്സിലാവും. വളരെ കുറച്ചു പേർ മാത്രമേ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാറുള്ളൂ.”- യുവരാജ് കൂട്ടിച്ചേർക്കുന്നു.

ബോർഡർ- ഗവാസ്കർ ട്രോഫിയിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തെ അഭിനന്ദിച്ചാണ് യുവരാജ് സംസാരിച്ചത്. “നിതീഷ് തന്റെ ആദ്യ പര്യടനത്തിൽ തന്നെ ഒരു കിടിലൻ സെഞ്ചുറി സ്വന്തമാക്കുകയുണ്ടായി. എത്രപേർ ഇത്തരമൊരു നേട്ടം സ്വന്തമാക്കിയിട്ടുണ്ട് എന്ന് എനിക്ക് അറിയില്ല. ഓസ്ട്രേലിയൻ മണ്ണിലെ തന്റെ ആദ്യ ടെസ്റ്റ് മത്സരത്തിൽ തന്നെ 150 റൺസിന് മുകളിൽ സ്വന്തമാക്കാൻ ജയസ്വാളിനും സാധിച്ചു. ഇത്തരത്തിലുള്ള മികച്ച പ്രകടനങ്ങളെപ്പറ്റിയും നമ്മൾ സംസാരിക്കേണ്ടതുണ്ട്.”- യുവരാജ് പറഞ്ഞുവയ്ക്കുന്നു.

Previous articleബുമ്രയ്ക്ക് മുമ്പിൽ ഡോൺ ബ്രാഡ്മാൻ പോലും വിറച്ചേനെ. പ്രശംസയുമായി ആദം ഗിൽക്രിസ്റ്റ്.
Next articleചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. സഞ്ചു സാംസണിന് ഇടമില്ലാ.