ശ്രീശാന്ത് ആ ക്യാച് ഡ്രോപ്പ് ചെയ്യുമെന്ന് യുവി കരുതി :തുറന്ന് പറഞ്ഞു രോഹിത് ശർമ്മ

മറ്റൊരു ടി :20 ലോകകപ്പ് ആവേശം കൂടി ഉയരുമ്പോൾ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം ഏറെ ത്രില്ലിലാണ്. നാളെ ആരംഭിക്കുന്ന ഇന്ത്യ :പാകിസ്ഥാൻ പോരാട്ടത്തിനും ഒപ്പം ലോകകപ്പിൽ ശക്തരായ ടീമുകൾ കൂടി ഏറ്റുമുട്ടുമ്പോൾ ആരാകും കിരീടം നേടുക എന്നത് അപ്രവചനീയമാണ്. രണ്ടാം ടി :20 ലോകകപ്പ് കിരീടമാണ് ഇന്ത്യൻ ടീം വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ഇപ്പോൾ ലക്ഷ്യമിടുന്നത്. നേരത്തെ 2007ലെ പ്രഥമ ടി :20 ലോകകപ്പ് കിരീടം നേടുവാനായി കഴിഞ്ഞ ഇന്ത്യൻ ടീമിനെ അന്ന് നയിച്ച നായകൻ മഹേന്ദ്ര സിംഗ് ധോണിയാണ് ഇത്തവണ ടീം ഇന്ത്യക്ക് ഒപ്പം മെന്റർ റോൾ നിരവഹിക്കാനുള്ളത് എന്നത് ഏറെ ശ്രദ്ധേയം.

പ്രഥമ ടി :20 ലോകകപ്പിൽ ടീം ഇന്ത്യക്കായി കളിച്ച രോഹിത് ശർമ്മ ഈ ടി :20 ലോകകപ്പിൽ ഇന്ത്യയുടെ വിശ്വസ്ത ഓപ്പണിങ് ബാറ്റ്‌സ്മാനാണ്. കൂടാതെ ഈ ലോകകപ്പിന് ശേഷം ഇന്ത്യൻ ടീം ടി :20 ക്യാപ്റ്റനാവാന്‍ സാധ്യതയുള്ള താരമാണ് രോഹിത്. പ്രഥമ ടി :20 ലോകകപ്പിനെ കുറിച്ചും വളരെ അഭിമാനം ഉയർത്തുന്ന അനുഭവങ്ങളെ കുറിച്ചും മനസ്സുതുറക്കുകയാണിപ്പോൾ രോഹിത് ശർമ്മ. ഐസിസിക്കായി താരം അനുവദിച്ച ഒരു ആഭിമുഖത്തിലാണ് രസകരമായ അനുഭവം താരം വിശദമാക്കിയത്. ആദ്യ ലോകകപ്പ് ഫൈനൽ കളിക്കാൻ കഴിഞ്ഞത് ഇന്നും തന്റെ കരിയറിലെ ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകളാണെന്ന് പറഞ്ഞ രോഹിത് ശർമ്മ ഫൈനലിലെ അവസാന ഓവറിൽ പിറന്ന ശ്രീശാന്ത് ക്യാചിനെ കുറിച്ചും മനസ്സുതുറന്നു.

ആ ക്യാച്ച് ലൈവായി കാണാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിരുന്നതായി പറഞ്ഞ താരം ആ ക്യാച്ച് ഒരിക്കലും മറക്കാനാവില്ല എന്നും വിശദമാക്കി.”ശ്രീശാന്ത് കരിയറിൽ നേടിയ ഏറ്റവും ടെൻഷൻ നിറഞ്ഞ ഒരു ക്യാച്ചായിരുന്നു അത്.അന്ന് പോയിന്റിൽ ഫീൽഡ് ചെയ്യുകയായിരുന്ന യുവരാജ് സിങ്ങിനെ എനിക്ക് കാണുവാൻ കഴിഞ്ഞു ആ ബോൾ ശ്രീ അരികിലേക്ക് പോയ നിമിഷം യുവി ക്യാച്ച് ഡ്രോപ്പ് ആകും എന്നുള്ള ചിന്തയിൽ നോക്കിയത് എതിർ ദിശയിലേക്കാണ്. ആ ക്യാച്ച് ശ്രീശാന്ത് ഒരുവേള കയ്യിൽ ഒതുക്കില്ല എന്നാണ് എന്തുകൊണ്ടോ യുവരാജ് കരുതിയത് ” രോഹിത് ശർമ്മ വെളിപ്പെടുത്തി.

“ഞാൻ 20 വയസ്സ് മാത്രം പ്രായമുള്ള ഒരു താരമായിരുന്നു. ടീമിന്റെ ലോകകപ്പ് ജയത്തിൽ പങ്കാളിയാകുവാനായി അന്ന് കഴിഞ്ഞത് ഇന്നും എന്റെ ജീവിതത്തിലെ മനോഹര നിമിഷമാണ് “രോഹിത് ശർമ്മ അഭിപ്രായം വ്യക്തമാക്കി.