ബാറ്റിങ്ങിൽ വീണ്ടും പരാജയമായി സഞ്ജു : മലയാളി താരത്തിന് കനത്ത ഭീഷണി ഉയർത്തി വെടിക്കെട്ട് സെഞ്ചുറിയുമായി ഇഷാൻ കിഷൻ

വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷക്കെതിരായ ആദ്യ മത്സരത്തില്‍  വീണ്ടും ബാറ്റിങ്ങിൽ  നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. അഞ്ച് പന്തുകള്‍ മാത്രം നേരിട്ട സഞ്ജു നാല് റണ്‍സോടെ മടങ്ങി. സൗരഭ് കനോജിയയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ രാജേഷ് ധുപറിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. മൂന്നാമനായിട്ടാണ് സഞ്ജു സാംസൺ  കേരളത്തിനായി  ക്രീസിലെത്തിയത്.
ടൂർണമെന്റിലെ മറ്റൊരു മത്സരത്തിൽ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജാർഖണ്ഡ് ടീമിന് വേണ്ടി സെഞ്ച്വറി അടിച്ചപ്പോഴാണ് സഞ്ജുവിന്റെ ഈ മോശം പ്രകടനം എന്നതാണ് ശ്രദ്ധേയം .

വിജയ് ഹസാരെ  ട്രോഫി ടൂർണമെന്റിൽ  മധ്യപ്രദേശിനെതിരായ  മത്സരത്തില്‍ 94 പന്തുകളില്‍   നിന്നാണ്  ഇഷാന്‍ കിഷന്‍
173 റണ്‍സ് അടിച്ചെടുത്തത് . ജാർഖണ്ഡ് ടീം  നായകനായ  ഇഷാന്റെ ബാറ്റിംഗ് കരുത്തിൽ ടീം 50 ഓവറിൽ 422 റൺസ് നേടി . 94 പന്തുകളിൽ  11 സിക്‌സും 19 ഫോറും ഉൾപ്പെടെയാണ് 22 കാരനായ  ഇഷാൻ കിഷന്റെ ബാറ്റിംഗ് പ്രകടനം.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കൂടിയായ ഇഷാൻ കിഷന്റെ ബാറ്റിംഗ് ഫോം മലയാളി താരം സഞ്ജു വി സാംസണ് ഒരു കനത്ത വെല്ലുവിളിയാണ് .

  വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ  ടി20 പരമ്പരക്കുള്ള ഇന്ത്യന്‍  ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ഏറെ  സാധ്യത കൽപ്പിക്കപ്പെടുന്ന താരമാണ് ഇഷാന്‍. ബിസിസിഐയുടെ പുതിയ ഫിറ്റ്‌നെസ് ടെസ്റ്റും താരം ആദ്യ ശ്രമത്തിൽ തന്നെ   പാസായിരുന്നു. ഈ  ബാറ്റിംഗ് പ്രകടനം കൂടിയാകുമ്പോൾ താരം വൈകാതെ ഇന്ത്യൻ ടീം  കുപ്പായത്തിൽ  കളിക്കുമെന്നാണ് ക്രിക്കറ്റ് പ്രേമികൾ വിലയിരുത്തുന്നത് .

നേരത്തെ ഇക്കഴിഞ്ഞ ഐപിൽ സീസണിലും മുംബൈ ഇന്ത്യൻസ്  താരമായ ഇഷാൻ കിഷൻ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചിരുന്നു .സീസണിലെ 14 മത്സരങ്ങളിൽ താരം 516 റൺസ് അടിച്ചെടുത്തിരുന്നു .സ്ഥിരതയോടെ ബാറ്റേന്തുന്ന താരത്തെ ഇനിയും അവഗണിക്കുവാൻ ഇന്ത്യൻ  ടീം  സെലക്ഷൻ  കമ്മിറ്റി തയ്യാറാവില്ല .
വരാനിരിക്കുന്ന ഐപിഎല്ലിന് മുന്നോടിയായായി താരത്തെ മുംബൈ ഇന്ത്യൻസ് നിലനിർത്തിയിട്ടുണ്ട് .
താരത്തിന്റെ ഇന്നത്തെ പ്രകടനത്തെ അഭിനന്ദിച്ച് മുംബൈ ഇന്ത്യൻസ് ട്വീറ്റ് പോസ്റ്റ് ചെയ്തിട്ടുണ്ട് .

അതേസമയം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഒഡീഷയുടെ എട്ടിന് 258 എന്ന സ്‌കോറിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം 14 ഓവറില്‍ രണ്ടിന് 93 എന്ന നിലയിലാണ്. ഓപ്പണണ്‍ റോബിന്‍ ഉത്തപ്പ (48), സച്ചിന്‍ ബേബി (12) എന്നിവരാണ് ക്രീസില്‍. സഞ്ജുവിന് പുറമെ വിഷ്ണു വിനോദിന്റെ (28) വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്.