കൂറ്റൻ ലീഡിലേക്ക് ഓസ്ട്രേലിയ. ഉത്തരമില്ലാതെ ഇന്ത്യൻ പട, അത്ഭുതം കാത്ത് രോഹിത്തും കൂട്ടരും.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഒരു വമ്പൻ ലീഡിലെക്ക് ഓസ്ട്രേലിയ. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യൻ ടീമിനെ 296 റൺസിൽ ഒതുക്കിയ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ മികച്ച ബാറ്റിംഗ് തന്നെയാണ് ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ 123 റൺസിന് 4 വിക്കറ്റുകൾ എന്ന നിലയിലാണ് ഓസ്ട്രേലിയ. ഇതുവരെ ഓസ്ട്രേലിയ 296 റൺസിന്റെ ലീഡ് മത്സരത്തിൽ നേടിയിട്ടുണ്ട്. നാലാം ദിവസത്തിൽ ആദ്യത്തെ സെഷനിൽ വേഗതയിൽ റൺസ് കണ്ടെത്തിയ ശേഷം ഇന്ത്യയെ സമർദത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ഓസ്ട്രേലിയ ഇപ്പോൾ. 7 റണ്‍സുമായി ഗ്രീനും 41 റണ്‍സുമായി ലംബുഷെയ്നുമാണ് ക്രീസില്‍.

ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ നേടിയ 469 എന്ന സ്കോർ പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ദിവസം തിരിച്ചടിയായിരുന്നു ലഭിച്ചത്. രണ്ടാം ദിവസം മത്സരം അവസാനിക്കുമ്പോൾ 151ന് 5 എന്ന നിലയിലായിരുന്നു ഇന്ത്യ. മൂന്നാം ദിവസത്തിന്റെ തുടക്കവും ഇന്ത്യയ്ക്ക് നിരാശയാണ് ഉണ്ടായത്. ആദ്യ സെക്ഷനിലെ രണ്ടാം പന്തിൽ തന്നെ കീപ്പർ ഭരതിന്റെ(5) വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാൽ പിന്നീട് രഹാനെയും താക്കൂറും ക്രീസിൽ ഉറയ്ക്കുകയായിരുന്നു. ഇരുവരും ചേർന്ന് മികച്ച ഒരു കൂട്ടുകെട്ട് ഏഴാം വിക്കറ്റിൽ ഇന്ത്യക്കായി കെട്ടിപ്പടുത്തു. 107 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. രഹാനെ മത്സരത്തിൽ 129 പന്തുകളിൽ 89 റൺസ് നേടുകയുണ്ടായി.

361469

താക്കൂർ 109 പന്തുകൾ നേരിട്ട് 51 റൺസ് ആണ് നേടിയത്. ഇരുവരും പുറത്തായ ശേഷം വാലറ്റം തകരുകയായിരുന്നു. ഇതോടെ ഇന്ത്യൻ ഇന്നിങ്സ് 296 റൺസിൽ അവസാനിച്ചു. ആദ്യ ഇന്നിങ്സിൽ 173 റൺസിന്റെ ലീഡായിരുന്നു ഇന്ത്യ വഴങ്ങിയത്. രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ വാർണറുടെ(1) വിക്കറ്റ് നഷ്ടമായി. ഉസ്മാൻ ഖവാജ(13) പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ഉമേഷ് യാദവിന് മുൻപിൽ വീഴുകയായിരുന്നു. എന്നിരുന്നാലും സ്റ്റീവൻ സ്മിത്തും(34) ഹെഡും(18)മൊക്കെ ക്രീസിൽ ലഭിച്ച അവസരങ്ങളിലൊക്കെയും റൺസ് നേടുകയുണ്ടായി.

മൂന്നാം ദിവസം മത്സരം അവസാനിക്കുമ്പോൾ 123 റൺസിന് 4 വിക്കറ്റുകൾ എന്ന നിലയിലാണ് ഓസ്ട്രേലിയ നിൽക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നാലാം ദിവസവും കുറച്ചധികം റൺസ് പെട്ടെന്ന് തന്നെ കണ്ടെത്താനാണ് ഓസ്ട്രേലിയ ശ്രമിക്കുക. നാലാം ദിവസത്തെ ആദ്യ സെഷനിൽ തന്നെ ഇന്ത്യക്കുമേൽ 400 റൺസിന് മുകളിൽ വിജയലക്ഷ്യം വയ്ക്കാനാവും കങ്കാരുപ്പടയുടെ ശ്രമം. ഇത് സാധ്യമായാൽ മത്സരത്തിൽ ഒരു തിരിച്ചുവരവ് ഇന്ത്യയെ സംബന്ധിച്ച് അത്ര അനായാസമായിരിക്കില്ല. നാലും അഞ്ചും ദിവസങ്ങളിൽ സ്പിന്നിനെ കൂടുതൽ അനുകൂലിക്കുന്ന പിച്ചാവും ഓവലിലേത് എന്നാണ് വിലയിരുത്തൽ.

Previous articleപാഡണിഞ്ഞ് ഉച്ചമയക്കവുമായി ലോക ഒന്നാം നമ്പര്‍ ബാറ്റര്‍. സമ്മതിക്കാതെ ഉണര്‍ത്തി മുഹമ്മദ് സിറാജ്.
Next articleവീണ്ടും പന്തിൽ കൃത്രിമം കാട്ടി ഓസ്ട്രേലിയൻ പേസർമാർ. തെളിവുകളുമായി മുൻ താരം രംഗത്ത്.