ചെപ്പോക്കിലെ ഞെട്ടിക്കുന്ന തോൽവി :ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ടീം ഇന്ത്യ

ചെപ്പോക്കിൽ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ വൻ തോൽവി നേരിട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തിൽ  നിന്ന് നാലാം സ്ഥാനത്തേക്ക് വീണ് ടീം  ഇന്ത്യ. ചെന്നൈ ടെസ്റ്റിലെ വിജയത്തോടെ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തേക്ക് കുതിച്ച്‌  കയറുകയും ചെയ്തു.

എന്നാൽ  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ പരമ്പരയിലെ ഇനിയുള്ള മത്സരങ്ങൾ ഇന്ത്യക്ക് ഏറെ  നിർണായകമായി.  ടെസ്റ്റ് ചാമ്പ്യൻഷിപ്  ഫൈനലിലേക്ക്  ഇനി യോഗ്യത നേടണമെങ്കിൽ ഇന്ത്യക്ക് 2-1ന് എങ്കിലും പരമ്പര ജയിക്കണം. പരമ്പരയിൽ മൂന്ന് ടെസ്റ്റുകളാണ്  അവശേഷിക്കുന്നത് .
ഇതില്‍ ഒരെണ്ണം കൂടി ഇംഗ്ലണ്ട്  ക്രിക്കറ്റ്  ടീം ജയിച്ചാല്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താവും. ഇന്ത്യ-ഇംഗ്ലണ്ട്  ടെസ്റ്റ് പരമ്പര 2-2ന് സമനിലയിൽ   അവസാനിച്ചാൽ  പോലും ഓസ്ട്രേലിയയാവും ഫൈനലിലേക്ക് പ്രവേശനം നേടുക .

അതേസമയം ദക്ഷിണാഫ്രിക്കക്ക്  എതിരായ  ടെസ്റ്റ് പരമ്പരയിൽ നിന്ന് ഓസ്ട്രേലിയ  ടീം നേരത്തെ പിൻമാറിയതോടെ, ന്യൂസിലൻഡ്  ടീം  ടെസ്റ്റ് ചാമ്പ്യൻഷിപ്  ഫൈനലിൽ സ്ഥാനം ഉറപ്പാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയിലെ കോവിഡ് വ്യാപനം കാരണമാണ് ഓസീസ് ടീം പരമ്പര ഉപേക്ഷിച്ചത് .

ഇന്ത്യ-ഇംഗ്ലണ്ട്  പരമ്പരയിലെ രണ്ടാം ടെസ്റ്റ് ചെന്നൈയിൽ തന്നെ ശനിയാഴ്ച തുടങ്ങും. മൂന്നും നാലും ടെസ്റ്റുകൾ അഹമ്മദാബാദിലാണ് നടക്കുക. ഇതിൽ മൊട്ടേരയിൽ നടക്കുന്ന   മൂന്നാം  ടെസ്റ്റ് മത്സരം  ഡേ നൈറ്റ് ടെസ്റ്റാണ്.  ഇംഗ്ലണ്ട് ടീമിന്  ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ എത്തണമെങ്കിൽ ഇന്ത്യക്കെതിരെ 3-0നോ, 3-1നോ പരമ്പര നേടണം. ലോർഡ്‌സിൽ ജൂൺ മാസത്തിലാണ് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ നടക്കുക .