ഒരു പുതിയ പന്ത് ഉടനെ പിറക്കും. എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി വരുണ്‍ ചക്രവര്‍ത്തി.

Varun Chakravarthy

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – പഞ്ചാബ് കിംഗ്സ് മത്സരത്തില്‍ മഞ്ഞു വീഴ്ച്ചയുണ്ടായിട്ടും ഗംഭീരമായാണ് വരുണ്‍ ചക്രവര്‍ത്തി ബോളിംഗ് പൂര്‍ത്തിയാക്കിയത്. നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റ് പ്രകടനമാണ് വരുണ്‍ ചക്രവര്‍ത്തി നടത്തിയത്. മധ്യനിരയില്‍ സുനില്‍ നരൈനൊപ്പം ഇരുവരും ചേര്‍ന്ന് റണ്‍ നിരക്കിനു കടിഞ്ഞാണിട്ടു. എട്ടോവറില്‍ 46 റണ്‍സ് വഴങ്ങി 3 വിക്കറ്റാണ് ഈ സ്പിന്‍ കൂട്ടുകെട്ട് നേടിയത്.

” പന്തില്‍ ഗ്രിപ്പുണ്ടാക്കുക എന്നത് കഠിനമായിരുന്നു. കൈയ്യില്‍ നിന്ന് പന്തുകള്‍ വഴുതി പോവുന്നുണ്ടായിരുന്നു. ഓരോ പന്ത് കഴിയുമ്പോഴും പന്ത് തുടച്ച്‌ ഈര്‍പ്പമില്ലാത്ത തരത്തിലേക്ക് കൊണ്ടുവരേണ്ട അവസ്ഥയായിരുന്നു ” വരുണ്‍ ചക്രവര്‍ത്തി പറഞ്ഞു.

ഐപിഎല്ലിലെ മിസ്റ്ററി ബൗളറായിട്ടാണ് വരുണ്‍ ചക്രവര്‍ത്തി അറിയപ്പെടുന്നത്. നിക്കോളാസ് പൂരനെ മത്സരത്തില്‍ പുറത്താക്കിയ ചക്രവര്‍ത്തി മറ്റൊരു മിസ്റ്ററി പന്ത് ഉടനെ താന്‍ എറിയും എന്ന് അറിയിച്ചു. ” ഞാന്‍ തയ്യാറെടുക്കുകയാണ്, സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ ഞാന്‍ അത് ഉപയോഗിക്കാം. അതിന് എനിക്ക് ഡ്രൈ ബോള്‍ ആവശ്യമാണ് ” വരാനിരിക്കുന്ന മിസ്റ്ററി ബോളിനെ പറ്റി ചക്രവര്‍ത്തി പറഞ്ഞു.

ഈ സീസണില്‍ 6 മത്സരങ്ങളില്‍ നിന്നും 7 വിക്കറ്റാണ് വരുണ്‍ ചക്രവര്‍ത്തിയുടെ നേട്ടം. ഐപിഎല്‍ കരിയറില്‍ 20 മത്സരങ്ങളില്‍ നിന്നും 25 വിക്കറ്റാണ് ഈ തമിഴ്നാട് താരത്തിന്‍റെ നേട്ടം.