ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് തൊട്ടു മുൻപായി പാക്കിസ്ഥാൻ ടീമിന് ശക്തമായ മുന്നറിയിപ്പ് നൽകി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ പാക്കിസ്ഥാൻ കിരീടം സ്വന്തമാക്കിയാൽ മാത്രം പോരാ എന്നാണ് ഷഹബാസ് പറഞ്ഞത്. ഫെബ്രുവരി 23ന് ദുബായിൽ വെച്ച് ഇന്ത്യക്കെതിരെ നടക്കുന്ന മത്സരത്തിൽ ശക്തമായ വിജയം സ്വന്തമാക്കണമെന്നും ഇന്ത്യയെ പൂർണമായും പരാജയപ്പെടുത്തണമെന്നും തങ്ങളുടെ ടീമിന് കർശന നിർദേശം നൽകിയിരിക്കുകയാണ് ഷഹബാസ്. മുൻപ്, ടൂർണമെന്റിനായി പാക്കിസ്ഥാനിലേക്ക് തങ്ങളുടെ ടീമിനെ അയക്കാൻ തയ്യാറല്ല എന്ന് ഇന്ത്യ അറിയിച്ചിരുന്നു. അന്നുമുതൽ പല വിവാദങ്ങളും ആരംഭിച്ചു. ഇതിന് ശേഷമാണ് ഇപ്പോൾ പാക്കിസ്ഥാൻ പ്രധാനമന്ത്രി കർശനമായ നിർദ്ദേശം നൽകിയിരിക്കുന്നത്.
“ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിൽ നമുക്ക് വളരെ മികച്ച ടീമാണുള്ളത്. സമീപകാലത്ത് ഒരുപാട് വിജയങ്ങൾ സ്വന്തമാക്കാൻ പാകിസ്ഥാൻ ടീമിന് സാധിച്ചിട്ടുണ്ട് ഇപ്പോൾ നമ്മുടെ മുമ്പിലുള്ള ഏറ്റവും വലിയ ടൂർണമെന്റ് ചാമ്പ്യൻസ് ട്രോഫി തന്നെയാണ്. ചാമ്പ്യൻസ് ട്രോഫിയിൽ കിരീടം നേടുക എന്നത് മാത്രമല്ല, ദുബായിൽ നമ്മുടെ ബന്ധവൈരികളായ ഇന്ത്യക്കെതിരെ ശക്തമായ വിജയം സ്വന്തമാക്കുക എന്നതും നമ്മുടെ ലക്ഷ്യമാണ്. അവരെ പരാജയപ്പെടുത്തുക എന്നത് നമുക്ക് മുൻപിലുള്ള വലിയ വെല്ലുവിളിയാണ്. അതിനായി നമ്മുടെ രാജ്യം പൂർണമായും ടീമിന് പിന്നിലുണ്ട്.”- പ്രധാനമന്ത്രി പറഞ്ഞു.
നിലവിലെ ചാമ്പ്യൻസ് ട്രോഫി ചാമ്പ്യന്മാരാണ് പാക്കിസ്ഥാൻ ടീം. 2017ൽ അവസാനമായി നടന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യൻ ടീമിനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് പാകിസ്ഥാൻ കിരീടം സ്വന്തമാക്കിയത്. 2021ലാണ് അവസാനമായി ഒരു ഐസിസി ടൂർണമെന്റിൽ ഇന്ത്യയെ പാക്കിസ്ഥാൻ പരാജയപ്പെടുത്തിയത്. അന്ന് ദുബായിൽ വച്ച് നടന്ന ട്വന്റി20 ലോകകപ്പിലായിരുന്നു പാക്കിസ്ഥാന്റെ പൂർണമായ വിജയം. ശേഷം ഇതുവരെയും ഇന്ത്യയെ പരാജയപ്പെടുത്താൻ പാകിസ്ഥാൻ ടീമിന് സാധിച്ചിട്ടില്ല. ഇത്തവണ അതിനുള്ള അവസരമാണ് കൈവന്നിരിക്കുന്നത് എന്നാണ് പാകിസ്ഥാൻ പ്രധാനമന്ത്രി പറയുന്നത്.
“3 പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് പാക്കിസ്ഥാൻ ഇത്തരത്തിൽ ഒരു ഐസിസി ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ പോകുന്നത്. അതൊരു പ്രധാനപ്പെട്ട കാര്യമാണ്. ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാൻ ടീം നമ്മുടെ രാജ്യത്തിന് അഭിമാനമുയർത്തുന്ന പ്രകടനം കാഴ്ചവയ്ക്കുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്.”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുൻപായി തങ്ങളുടെ സ്റ്റേഡിയങ്ങളുടെ നവീകരണ പ്രവർത്തനങ്ങളിലാണ് നിലവിൽ പാക്കിസ്ഥാൻ. മറ്റു ടീമുകൾക്ക് യാതൊരു കുറവുകളും കൂടാതെ ടൂർണമെന്റിൽ അണിനിരക്കാനുള്ള അവസരം ഒരുക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്.