ടെസ്റ്റ് മത്സരം റദ്ദാക്കിയതുപോലെ ഐപിഎല്‍ നിര്‍ത്തുമോ ? ഇന്ത്യയെ ട്രോളി മൈക്കള്‍ വോണ്‍

യുഎഈയില്‍ നടക്കുന്ന ഐപിഎല്ലിനിടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പേസ് ബൗളര്‍ ടി.നടരാജന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ടെസ്റ്റില്‍ പോസിറ്റീവായ പേസ് ബൗളര്‍ ഐസൊലേഷനിലാണ്. നടരാജനുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തിലാണ്.

നടരാജന്‍ കോവിഡ് പോസ്റ്റീവായതോടെ ടൂര്‍ണമെന്‍റ് നടക്കുന്നതിനെ പറ്റി ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിശ്ചിയിച്ചതുപോലെ മത്സരം നടക്കുമെന്ന് ബിസിസിഐ അറിയിക്കുകയായിരുന്നു. ആദ്യ ഘട്ട ഐപിഎല്ലിലും കോവിഡാണ് വില്ലനായി എത്തിയത്. ബയോബബിളില്‍ കോവിഡ് പകര്‍ന്നതോടെ ഐപിഎല്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.

ബിസിസിയുടെ തീരുമാനത്തെ ട്രോളി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കള്‍ വോണ്‍ എത്തി.ഇംഗ്ലണ്ടില്‍ അവസാന ടെസ്റ്റ് ഇന്ത്യന്‍ ടീം റദ്ദാക്കിയതുപോലെ ഐപിഎല്‍ റദ്ദാക്കുമോയെന്ന് നോക്കാമെന്നായിരുന്നു മൈക്കല്‍ വോണിന്റെ ട്വീറ്റ്.

എന്നാല്‍ അങ്ങനെ റദ്ദാക്കില്ലെന്ന് തനിക്കുറപ്പുണ്ടെന്നും മൈക്കല്‍ വോണ്‍ കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ട് പര്യടനത്തിനിടെ അഞ്ചാം ടെസ്റ്റ് ഇന്ത്യ കോവിഡ് ചൂണ്ടിക്കാട്ടി ഉപേക്ഷിച്ചിരുന്നു. ഇതിലുള്ള പ്രതിഷേധമാണ് മൈക്കല്‍ വോണ്‍ രേഖപ്പെടുത്തിയത്.

താരങ്ങളും സ്റ്റാഫുമെല്ലാം നെഗറ്റീവ് ആയിരുന്നുവെങ്കിലും കളത്തിലിറങ്ങാന്‍ ഇന്ത്യന്‍ ടീം വിസമ്മതിക്കുകയായിരുന്നു. ഇത് ഐപിഎല്ലില്‍ പങ്കെടുക്കാന്‍ വേണ്ടിയാണെന്നാണ് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.