എന്തിനാണ് ഇന്ത്യൻ ടീം ഇങ്ങനെ ഭയന്ന് കളിക്കുന്നത് :ചോദ്യവുമായി മുൻ പാക് നായകൻ

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ എല്ലാം ടി :20 ലോകകപ്പിലെ വിരാട് കോഹ്ലിയുടെയും ടീമിന്റെയും മോശം പ്രകടനത്തിന്റെ വൻ നിരാശയിലാണ്. ഇത്തവണ കിരീടം നേടും എന്നുള്ള എല്ലാവരുടെയും തന്നെ മികച്ച പ്രവചനങ്ങൾക്കൊപ്പം ഈ ടൂർണമെന്റ് ആരംഭിച്ച ഇന്ത്യൻ ടീം കളിച്ച 2 സന്നാഹ മത്സരങ്ങളിലും തിളങ്ങിയിരുന്നു. പക്ഷേ പിന്നീട് സൂപ്പർ 12 റൗണ്ടിൽ പാകിസ്ഥാൻ, ന്യൂസിലാൻഡ് ടീമുകളോട് എല്ലാം വമ്പൻ തോൽവി വഴങ്ങിയ ഇന്ത്യൻ ടീം എല്ലാ അർഥത്തിലും പരാജയതിന്റെ ഭാരം ചുമക്കുകയാണ്.

ബാറ്റിങ്ങിലും ബൗളിങ്ങിലും ശരാശരി പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യൻ ടീമിനും നായകൻ വിരാട് കോഹ്ലിക്കും എതിരെ അതിരൂക്ഷ വിമർശനവും കൂടി ക്രിക്കറ്റ്‌ ലോകത്ത് സജീവമാക്കുകയാണ്. ശരീരഭാഷയിൽ പോലും ഒരു ആർജ്ജവം ജയിക്കാനായി കാണിക്കാത്ത ഇന്ത്യൻ ടീം ഈ തോൽവികൾ ചോദിച്ചുവാങ്ങിയെന്ന് മുൻ താരങ്ങൾ വിമർശിക്കുന്നു. എന്നാൽ ഇന്ത്യൻ ടീം ഭയന്നുകൊണ്ടാണ് ആദ്യത്തെ രണ്ട് മത്സരങ്ങളും കളിച്ചതെന്ന് പറയുകയാണിപ്പോൾ മുൻ പാകിസ്ഥാൻ നായകൻ ഇൻസമാം ഉൾ ഹഖ്.ഇന്ത്യൻ ടീം പൂർണ്ണമായി നിരാശപെടുത്തുകയാണ് എന്നും പറഞ്ഞ അദ്ദേഹം എന്താണ് ഇത്ര സമ്മർദ്ദത്തോടെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമും താരങ്ങളും കളിക്കാനുള്ള കാരണമെന്നും ചോദിക്കുന്നു.

“കിവീസ് ബൗളർമാർ എത്ര മികവോടെ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് എതിരെ ബൗൾ ചെയ്തു. അവർ വേൾഡ് ക്ലാസ്സ്‌ എന്നൊക്കെ പറയാൻ കഴിയില്ല. പക്ഷെ സിംഗിൾ പോലും എടുക്കാൻ കഴിയാത്ത വിധത്തിൽ അവർ ഇന്ത്യൻ ടീമിനെയും തളർത്തി. എക്കാലവും സ്പിന്നർമാരെ മനോഹരമായി കളിക്കുന്ന കോഹ്ലി പോലും സിംഗിള്‍ നേടാൻ വിഷമിക്കുന്ന കാഴ്ച നമ്മൾ കണ്ടതാണ്. എന്താണ് ഇന്ത്യൻ ബാറ്റ്‌സ്മാന്മാരും താരങ്ങളും ഇത്രയധികം സമ്മർദ്ദത്തിൽ കളിക്കാൻ കാരണം.അവരെ പോലൊരു നമ്പർ വൺ ടീം ഇങ്ങനെ അല്ല കളിക്കുന്നത് അവർക്ക് എന്താണ് സംഭവിച്ചത് എന്നും നമുക്ക് മനസിലാകുന്നില്ല “ഇൻസമാം ഉൾ ഹഖ് പറഞ്ഞു