18 അംഗങ്ങളടങ്ങിയ ടീമിനെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. പുതിയ പല താരങ്ങൾക്കും ഇന്ത്യ ടെസ്റ്റ് മത്സരങ്ങളിൽ അവസരം നൽകിയപ്പോൾ, വമ്പൻ താരങ്ങളിൽ പലരും പുറത്ത് തന്നെ തുടരുകയാണ്. ഇതിൽ ഒരാളാണ് ശ്രേയസ് അയ്യർ. സമീപകാലത്ത് ഇന്ത്യയുടെ ആഭ്യന്തര മത്സരങ്ങളിൽ തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച താരമാണ് അയ്യർ.
സ്ഥിരതയോടെ ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങാനും അയ്യർക്ക് സാധിച്ചിരുന്നു. എന്നാൽ അയ്യരെ പൂർണമായും ഇന്ത്യയുടെ സെലക്ടർമാർ ടെസ്റ്റ് പരമ്പരയിൽ നിന്ന് തഴയുകയാണ് ഉണ്ടായത്. ഇതേ സംബന്ധിച്ച് ഇന്ത്യൻ ചീഫ് സെലക്ടർ അജിത്ത് അഗാർക്കർ പറഞ്ഞ വാക്കുകളും വളരെ ശ്രദ്ധേയമായിരുന്നു.
പത്രസമ്മേളനത്തിൽ ശ്രേയസ് അയ്യരെ തഴഞ്ഞതിനെ പറ്റിയുള്ള ചോദ്യത്തിന് അജിത്ത് അഗാർക്കർ പറഞ്ഞ മറുപടി ഇങ്ങനെയാണ്. “ശ്രേയസ് വളരെ മികച്ച രീതിയിൽ ഏകദിന ക്രിക്കറ്റിൽ ഇപ്പോൾ കളിക്കുന്നുണ്ട്. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അവന് സമീപകാലത്ത് സാധിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ അവന് ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കാനുള്ള ഒരു അവസരവുമില്ല.”- അഗാർക്കർ പറയുകയുണ്ടായി. 2024ലെ ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് അവസാനമായി ശ്രേയസ് അയ്യർ ടെസ്‌റ്റ് ജേഴ്സി അണിഞ്ഞത്. പരമ്പരയിലെ 5 മത്സരങ്ങളിൽ രണ്ടെണ്ണത്തിലും കളിക്കാൻ താരത്തിന് സാധിച്ചിരുന്നു.
ഇതിന് ശേഷം ആഭ്യന്തര മത്സരങ്ങളിൽ മികവ് പുലർത്താൻ താരത്തിന് പലപ്പോഴായി സാധിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സ് ടീമിന്റെ നായകനായി അയ്യർ കളിക്കുകയാണ്. മികച്ച ക്യാപ്റ്റൻസിയോടെ പഞ്ചാബിനെ ഇതിനോടകം തന്നെ പ്ലേയോഫിൽ എത്തിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടം ചൂടിച്ച നായകൻ കൂടിയാണ് അയ്യർ. ഇത്തവണ പഞ്ചാബിനെ തങ്ങളുടെ കന്നി കിരീടം ചൂടിക്കാനുള്ള തയ്യാറെടുപ്പിലാണ് അയ്യർ. എന്നാൽ ഈ സമയത്ത് ടെസ്റ്റ് ടീമിൽ നിന്ന് തഴയപ്പെട്ടത് അയ്യരെ നിരാശയിലാക്കുന്നു.
രോഹിത് ശർമയ്ക്കു പകരം യുവതാരം ശുഭ്മാൻ ഗില്ലിനെ നായകനായി തിരഞ്ഞെടുത്തു കൊണ്ടാണ് ഇന്ത്യ തങ്ങളുടെ ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പർ റിഷഭ് പന്താണ് സ്ക്വാഡിലെ ഇന്ത്യയുടെ ഉപനായകൻ. ബൂമ്രയുടെ ജോലിഭാരത്തിലുള്ള വർദ്ധനവ് മൂലമാണ് പന്തിനെ ഉപനായകനായി ടീമിൽ അണിനിരത്തിയിരിക്കുന്നത് എന്ന് അജിത് അഗാർക്കർ പറയുകയുണ്ടായി. മാത്രമല്ല ബൂമ്ര 5 മത്സരങ്ങളിലും കളിക്കില്ല എന്ന കാര്യവും അഗാർക്കർ തുറന്നു പറഞ്ഞു. ഇതിനൊപ്പം സായി സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ എന്നിവർക്ക് ഇന്ത്യൻ ടീമിലേക്ക് പുതുതായി വിളി എത്തിയിട്ടുണ്ട്.



