“ഞാൻ ട്വന്റി20യിൽ കളിക്കാത്തത് ആ കാരണം കൊണ്ടാണ്” രോഹിത് ശർമയുടെ വെളിപ്പെടുത്തൽ ഇങ്ങനെ.

Rohit Sharma angry

2022 ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യൻ സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവർ ഇന്ത്യയുടെ ട്വന്റി20 ടീമിൽ അണിനിരന്നിട്ടില്ല. പകരം യുവതാരങ്ങളെ അണിനിരത്തിയാണ് 2022 ട്വന്റി20 ലോകകപ്പിനു ശേഷം ഇന്ത്യ ഇറങ്ങിയിട്ടുള്ളത്. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലും ഇത് ദൃശ്യമാണ്.

പ്രധാനമായും 2024 ലോകകപ്പിൽ യുവ താരങ്ങളെ അണിനിരത്തുന്നതിന്റെ ഭാഗമായിയാണ് സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ ക്യാപ്റ്റൻ രോഹിത് ശർമ. എന്തുകൊണ്ടാണ് താൻ ഇന്ത്യക്കായി ട്വന്റി20 മത്സരങ്ങൾ കളിക്കാത്തത് എന്നതിന് ഉത്തരമാണ് രോഹിത് ശർമ നൽകുന്നത്.

2023 എന്നത് ഏകദിന ലോകകപ്പിന്റെ വർഷമാണെന്നും, അതിനാൽ തന്നെ എല്ലാ താരങ്ങൾക്കും എല്ലാ ഫോർമാറ്റിലും കളിക്കാൻ സാധിക്കില്ല എന്നുമാണ് രോഹിത് ശർമ പറഞ്ഞത്. ഒപ്പം സീനിയർ കളിക്കാരെ ജോലിഭാരം അലട്ടുന്നുണ്ടെന്നും അത് ലഘൂകരിക്കുന്നതിനായി ചില ഫോർമാറ്റുകളിൽ നിന്നും മാറി നിൽക്കേണ്ടി വരുമെന്നും രോഹിത് കൂട്ടിച്ചേർത്തു. ഇന്ത്യയുടെ അടുത്തടുത്ത് വരുന്ന ഷെഡ്യൂളുകൾ എല്ലാ കളിക്കാർക്കും കടുത്ത വെല്ലുവിളി ഉണ്ടാക്കുന്നുണ്ടെന്നും രോഹിത് പറഞ്ഞു. നിലവിൽ 2023 ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് രോഹിത് ശർമ അടക്കമുള്ള സീനിയർ താരങ്ങൾ.

Read Also -  റിസ്‌വാനെ ധോണിയുമായി താരതമ്യം ചെയ്ത് പാക് ജേർണലിസ്റ്റ്. ഹർഭജന്റെ ചുട്ട മറുപടി.

“ഏകദിന ലോകകപ്പ് നടക്കുന്ന വർഷമാണ് ഇത്. അക്കാര്യം നേരത്തെ തന്നെ പറഞ്ഞതാണ്. അതുകൊണ്ടുതന്നെ ചില ഇന്ത്യൻ താരങ്ങൾക്ക് എല്ലാ ഫോർമാറ്റിലും കളിക്കാൻ സാധിക്കില്ല. ഇന്ത്യയുടെ ഷെഡ്യൂൾ എടുത്തു പരിശോധിച്ചാൽ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. നമ്മുടെ മത്സരങ്ങളൊക്കെയും അടുത്തടുത്താണ് ഉണ്ടാകാറുള്ളത്.

അതിനാൽ തന്നെ പല താരങ്ങളുടെയും ജോലിഭാരം ക്രമീകരിക്കേണ്ടതായി വരുന്നുണ്ട്. ആ വിഭാഗത്തിൽ പെട്ട ഒരാളാണ് ഞാനും. അതുകൊണ്ടാണ് ഇപ്പോൾ ട്വന്റി20 മത്സരങ്ങളിൽ അണിനിരക്കാൻ സാധിക്കാത്തത്.”- രോഹിത് ശർമ പറഞ്ഞു.

എന്നിരുന്നാലും രോഹിത് ശർമയുടെ അഭാവത്തിലും ട്വന്റി20 ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ഇന്ത്യൻ യുവനിരയ്ക്ക് സാധിച്ചിരുന്നു. പക്ഷേ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടു. മുൻനിരയിലും മധ്യനിരയിലും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാത്തതാണ് പരമ്പരയിലെ രണ്ടു പരാജയങ്ങളിലും കാരണം. എന്നിരുന്നാലും വരും മത്സരങ്ങളിൽ യുവതാരങ്ങൾ മികവ് പുലർത്തി ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കും എന്നാണ് കരുതുന്നത്.

Scroll to Top