മര്യാദയില്ലാത്ത പെരുമാറ്റവും മോശം ഫിറ്റ്നസും, സർഫറാസിനെ ബിസിസിഐ ഒഴിവാക്കാനുള്ള കാരണങ്ങൾ.

ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിക്കുകയുണ്ടായി. കുറച്ചധികം മാറ്റങ്ങളുമായാണ് ഇന്ത്യ തങ്ങളുടെ ടെസ്റ്റ് സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ജെയിസ്വാൾ, ഋതുരാജ്, മുകേഷ് കുമാർ തുടങ്ങിയ യുവ താരങ്ങൾ സ്ക്വാഡിൽ അണിനിരക്കുന്നുണ്ട്. എന്നാൽ ഇത്തവണയും ഇന്ത്യ യുവതാരമായ സർഫറാസ് ഖാനെ അവഗണിക്കുകയുണ്ടായി. സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിലുടനീളം ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ക്രിക്കറ്ററാണ് സർഫറാസ് ഖാൻ. എന്നാൽ എന്തുകൊണ്ടാണ് സർഫറാസിനെ ഇന്ത്യ തുടർച്ചയായി ഇങ്ങനെ അവഗണിക്കുന്നത് എന്നത് എല്ലാവരിലുമുള്ള ചോദ്യമാണ്. ഇതിനുള്ള ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ബിസിസിഐ ഒഫീഷ്യൽ. സർഫറാസിനെ ടീമിൽ നിന്നും മാറ്റിനിർത്തുന്നത് മറ്റുപല കാരണങ്ങൾ കൊണ്ടുമാണ് എന്നാണ് അദ്ദേഹം പറയുന്നത്.

സർഫറാസ് ഖാന്റെ ശരീരഭാരം അയാളെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട് എന്നായിരുന്നു ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞത്. “സർഫറാസ് വീണ്ടും അവഗണിക്കപ്പെടുന്നതിന്റെ കാരണം ക്രിക്കറ്റ് മാത്രമല്ല. അയാൾ തുടർച്ചയായി 900ലധികം റൺസ് ഒരു സീസണിൽ നേടുന്ന കളിക്കാരനാണ്. അങ്ങനെയൊരു കളിക്കാരനെ അവഗണിക്കാൻ സെലക്ടർമാർ അത്ര വിഡ്ഢികളല്ല. പക്ഷേ അദ്ദേഹത്തെ പരിഗണിക്കാത്തതിന്റെ പ്രധാനപ്പെട്ട കാര്യം തീർത്തും നിലവാരം കുറഞ്ഞ ശാരീരിക ക്ഷമത തന്നെയാണ്.”- ബിസിസിഐ ഉദ്യോഗസ്ഥൻ പറയുന്നു.

“സർഫറാസ് തന്റെ ശരീരത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അയാൾ തന്റെ ശരീരഭാരം കുറയ്ക്കണം. മെലിഞ്ഞ് കുറച്ചുകൂടി ഫിറ്റായി മാറണം. ബാറ്റിംഗിലുള്ള ഫിറ്റ്നസ് മാത്രമല്ല ഇന്ത്യൻ ടീമിലേക്ക് ഒരു കളിക്കാരനെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം. മൈതാനത്തും മൈതാനത്തിന് പുറത്തും സർഫറാസിന്റെ പെരുമാറ്റവും അത്ര നല്ലതായി തോന്നിയിട്ടില്ല. അയാളുടെ ചില ആംഗ്യങ്ങൾ വലിയ രീതിയിൽ മുൻപും ചർച്ചയായിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലായിടത്തും മാന്യമായ രീതിയിലുള്ള പെരുമാറ്റം അത്യാവശ്യമാണ്.”- ബിസിസിഐ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ മൂന്ന് രഞ്ജി ട്രോഫി ടൂർണമെന്റ്കളിലും വളരെ മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു സർഫറാസ് പുറത്തെടുത്തത്. 3 സീസണുകളിൽ നിന്നായി 2256 റൺസാണ് സർഫറാസ് നേടിയിട്ടുള്ളത്. എന്നാൽ പിന്നീട് വന്ന പല പര്യടനങ്ങളിലും ഇന്ത്യ സർഫറാസിനെ ഒഴിവാക്കുകയുണ്ടായി. ഒരുപക്ഷേ ഫിറ്റ്നസ്സിൽ കുറച്ചുകൂടി ശ്രദ്ധിക്കുകയാണെങ്കിൽ സർഫറാസിന് ഇന്ത്യൻ ടീമിൽ അനായാസം സ്ഥാനം കണ്ടെത്താൻ സാധിച്ചേനെ.