ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സ്‌ക്വാഡിൽ ഇടംപിടിക്കാനായി 10 കിലോയോളം ഭാരം കുറച്ചിട്ടും വീണ്ടും തഴയപ്പെട്ട് യുവതാരം സർഫറാസ് ഖാൻ. തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ വലിയ രീതിയിൽ വാർത്തയായ താരമായിരുന്നു സർഫറാസ്. ഭേദപ്പെട്ട പ്രകടനങ്ങൾ ഇന്ത്യക്കായി നടത്താൻ താരത്തിന് സാധിച്ചിരുന്നു.
മാത്രമല്ല വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചതിനുശേഷം നാലാം നമ്പറിൽ സർഫറാസ് ഖാൻ എത്തുമെന്ന പ്രതീക്ഷയും ആരാധകർക്കുണ്ടായിരുന്നു. എന്നാൽ എല്ലാത്തിനെയും തകിടം മറിച്ചു കൊണ്ടാണ് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സ്‌ക്വാഡ് പ്രഖ്യാപിച്ചത്. കരുൺ നായർ, സായി സുദർശൻ തുടങ്ങിയ താരങ്ങൾക്ക് സെലക്ടർമാർ അവസരം നൽകിയപ്പോൾ സർഫറാസ് ഖാനെ പൂർണ്ണമായും അവഗണിക്കുകയാണ് ഉണ്ടായത്.
ഇത്തരത്തിൽ സർഫറാസിനെ ഇന്ത്യ അവഗണിച്ചതിനെ പറ്റി സെലക്ടറായ അജിത്ത് അഗാർക്കർ പറയുകയുണ്ടായി. തന്റെ ആദ്യ സെഞ്ച്വറിയ്ക്ക് ശേഷം വേണ്ടരീതിയിൽ റൺസ് സ്വന്തമാക്കാൻ സാധിക്കാതെ വന്നതിനാലാണ് സർഫറാസിനെ ഒഴിവാക്കേണ്ടി വന്നത് എന്നാണ് വാർത്ത സമ്മേളനത്തിൽ അഗാർക്കർ പറഞ്ഞത്. “ചില സമയങ്ങളിൽ നമുക്ക് ഇത്തരത്തിലുള്ള തീരുമാനങ്ങൾ കൈക്കൊള്ളേണ്ടിവരും. സർഫറാസ് തന്റെ ആദ്യ ടെസ്റ്റ് മത്സരത്തിൽ തന്നെ 100 റൺസ് സ്വന്തമാക്കിയ താരമാണ്. പക്ഷേ അതിന് ശേഷം വേണ്ടരീതിയിൽ റൺസ് സ്വന്തമാക്കാൻ അവന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ടീം മാനേജ്മെന്‍റിന് ഇത്തരം തീരുമാനങ്ങൾ അംഗീകരിക്കേണ്ടി വരുന്നു.”- അഗാർക്കർ പറഞ്ഞു.
“നിലവിലെ സാഹചര്യം പരിശോധിക്കുകയാണെങ്കിൽ കരുൺ നായർ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ ഒരുപാട് റൺസ് സ്വന്തമാക്കുന്നുണ്ട്. മികച്ച രീതിയിൽ ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കാനും അവന് സാധിക്കുന്നുണ്ട്. കൗണ്ടി ക്രിക്കറ്റിൽ മികവ് പുലർത്തുന്നതിൽ കരുൺ നായർ മുൻപിലാണ്. ഇപ്പോൾ നമുക്ക് വിരാട് കോഹ്ലിയുടെ പരിചയസമ്പന്നത നഷ്ടമായിരിക്കുകയാണ്. അതിനാൽ തന്നെ കരുണിലൂടെ നമുക്ക് അല്പം പരിചയ സമ്പന്നത ലഭിക്കുമെന്നാണ് എല്ലാവരും കരുതുന്നത്.”- അജിത്ത് അഗാർക്കർ കൂട്ടിച്ചേർക്കുകയുണ്ടായി.
“ഒരു കാരണവശാലും നമുക്ക് 50 താരങ്ങൾ അടങ്ങുന്ന ഒരു സ്ക്വാഡിനെ തിരഞ്ഞെടുക്കാൻ സാധിക്കില്ല. 18 താരങ്ങളിൽ മാത്രം ഒരു സ്ക്വാഡ് ഒതുങ്ങേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ചില താരങ്ങൾക്ക് ഇത്തരത്തിൽ അവസരം നഷ്ടമാകും.”- അഗാർക്കർ പറഞ്ഞുവയ്ക്കുന്നു. സമീപകാലത്ത് വലിയ രീതിയിലുള്ള പരിശീലനങ്ങളായിരുന്നു സർഫറാസ് ഖാൻ നടത്തിയിരുന്നത്. ശരീര ഭാരത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേട്ട താരമാണ് സർഫറാസ് ഖാൻ. ഇതിന് ശേഷം വലിയ കഠിനപ്രയത്നത്തിലൂടെ 10 കിലോ ഭാരം താരം കുറയ്ക്കുകയുണ്ടായി. എന്നിട്ടും സർഫറാസിനെ നിർഭാഗ്യം വേട്ടയാടുകയാണ്.



