പരിശീലന ക്യാമ്പിൽ എത്തിയില്ല. സഞ്ജുവിനെ ഒഴിവാക്കി കേരള ടീം. വിജയ് ഹസാരെയിൽ കളിക്കില്ല.

വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിലെ ഏറ്റവും വലിയ പ്രത്യേകത സഞ്ജു സാംസന്റെ അഭാവം തന്നെയായിരുന്നു. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യൻ ദേശീയ ടീമിനായും കേരളത്തിനായും മികവ് പുലർത്തിയ സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിയിൽ നിന്ന് ഒഴിവാക്കിയത് വലിയ വാർത്തയായിരുന്നു. ഇതിനുള്ള കാരണമാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.

ടൂർണമെന്റിനുള്ള പരിശീലന ക്യാമ്പയിനിൽ കൃത്യമായി സാന്നിധ്യം അറിയിക്കാൻ സാധിക്കാതെ വന്നതിന്റെ പേരിലാണ് സഞ്ജു സാംസനെ വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിലുള്ള കേരള ടീമിൽ നിന്ന് ഒഴിവാക്കിയത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൈദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിൽ കേരളത്തിന്റെ നായകനായി സഞ്ജു മുൻപ് കളിച്ചിരുന്നു.

മുൻപ് വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിനുള്ള സാധ്യത പട്ടികയിൽ സഞ്ജുവിന്റെ പേരും ഉൾപ്പെടുത്തിയിരുന്നു. പക്ഷേ കേരളത്തിന്റെ പരിശീലന ക്യാമ്പിൽ എത്താൻ സാധിക്കാത്ത വന്നതോടെ സഞ്ജുവിനെ കേരള ടീം ഒഴിവാക്കുകയാണ് ഉണ്ടായത്. ടൂർണമെന്റിന് മുന്നോടിയായി ഇതുവരെ 2 പരിശീലന മത്സരങ്ങൾ കേരള ടീം കളിച്ചിട്ടുണ്ട്. നിലവിൽ 19 അംഗങ്ങൾ അടങ്ങുന്ന സ്ക്വാഡിനെയാണ് കേരളം തിരഞ്ഞെടുത്തിരിക്കുന്നത്. സഞ്ജുവിന്റെ ഒഴിവാകലിനെ പറ്റി കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ് കുമാർ സംസാരിക്കുകയുണ്ടായി. പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കാത്തത് മാത്രമാണ് സഞ്ജുവിനെ ഒഴിവാക്കാൻ കാരണം എന്നാണ് വിനോദ് പറഞ്ഞത്.

സ്ക്വാഡ് പ്രഖ്യാപിച്ചതിന് ശേഷം സഞ്ജുവുമായി യാതൊരു ചർച്ചയും നടന്നിട്ടില്ല എന്നും വിനോദ് കൂട്ടിച്ചേർക്കുകയുണ്ടായി. “സഞ്ജു ഇതേ സംബന്ധിച്ച് മുൻപ് എനിക്ക് ഇമെയിൽ അയച്ചിരുന്നു. പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കില്ല എന്ന് വ്യക്തമായി തന്നെ അവൻ അറിയിക്കുകയുണ്ടായി. അതിന് ശേഷമാണ് വയനാട്ടിലേക്ക് സഞ്ജു ഇല്ലാതെ ഞങ്ങൾ ക്യാമ്പിനായി പുറപ്പെട്ടത്. സാധാരണയായി പരിശീലന സെഷനിൽ അണിനിരക്കുന്ന താരങ്ങളെ മാത്രമാണ് ഞങ്ങൾ ടൂർണമെന്റിനായി തിരഞ്ഞെടുക്കാനുള്ളത്. അതുകൊണ്ട് അതേ സംബന്ധിച്ച് പിന്നീട് യാതൊരു ചർച്ചകളും ഉയർന്നിട്ടില്ല.”- വിനോദ് പറയുന്നു.

2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു സഞ്ജു അവസാനമായി ഒരു അന്താരാഷ്ട്ര ഏകദിന മത്സരം കളിച്ചത്. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കാൻ സാധിച്ചെങ്കിലും പിന്നീട് ഏകദിന മത്സരങ്ങളിൽ സഞ്ജുവിന് വേണ്ട രീതിയിൽ പരിഗണന ലഭിച്ചില്ല. 2025ൽ ചാമ്പ്യൻസ് ട്രോഫി വരാനിരിക്കുന്ന സാഹചര്യത്തിൽ സഞ്ജുവിന് ആഭ്യന്തര ക്രിക്കറ്റിൽ മികവ് പുലർത്തേണ്ടത് അത്യാവശ്യമായിരുന്നു. പക്ഷേ ഇത്തരത്തിലുള്ള അപാകത മൂലം സഞ്ജുവിന് വലിയൊരു അവസരമാണ് നഷ്ടമായിരിക്കുന്നത്. സഞ്ജുവിന്റെ അഭാവത്തിൽ സൽമാൻ നിസാറാണ് കേരളത്തെ വിജയ് ഹസാരെ ട്രോഫിയിൽ നയിക്കുന്നത്.

Previous articleഇനി ഇന്ത്യയ്ക്ക് WTC ഫൈനൽ കളിക്കാൻ പറ്റുമോ? കടമ്പകൾ ഇങ്ങനെ.