“കരുൺ നായരെ ഞങ്ങൾ എവിടെ കളിപ്പിക്കാനാണ്?” അജിത് അഗാർക്കർ ചോദിക്കുന്നു.

ഇന്ത്യയുടെ 2025 ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള സ്ക്വാഡിനെ പ്രഖ്യാപിക്കുകയുണ്ടായി. കുറച്ചധികം സർപ്രൈസുകളുമായാണ് ഇത്തവണയും ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫിയ്ക്കായി ഒരുങ്ങുന്നത്. യുവതാരം ജയസ്വാളിന്റെ ഏകദിന ക്രിക്കറ്റിലേക്കുള്ള ചുവടുവെപ്പാണ് ഇതിൽ പ്രധാന കാര്യം. ഇതുവരെയും ഏകദിന ക്രിക്കറ്റിൽ തന്റെ അരങ്ങേറ്റം കുറിക്കാൻ ജയസ്വാളിന് സാധിച്ചിട്ടില്ല. ടെസ്റ്റിലും ട്വന്റി20കളിലും മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ജയസ്വാൾ. ഇതു പരിഗണിച്ചാണ് ഇപ്പോൾ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിൽ താരത്തിന് അവസരം നൽകിയിരിക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുന്നോടിയായി ഇന്ത്യ 3 ഏകദിന മത്സരങ്ങൾ ഇംഗ്ലണ്ടിനെതിരെ കളിക്കുന്നുണ്ട്. ഈ പരമ്പരയിലും ജയസ്വാളിന് അവസരം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഏകദിന ക്രിക്കറ്റിൽ തന്റെ അരങ്ങേറ്റം കുറിക്കാൻ സാധിച്ചില്ലെങ്കിലും മറ്റു ഫോർമാറ്റുകളിലെ മികച്ച പ്രകടനമാണ് ജയസ്വാളിനെ ചാമ്പ്യൻസ് ട്രോഫിയിൽ ഉൾപ്പെടുത്താൻ കാരണമായി മാറിയത് എന്ന് രോഹിത് ശർമ പത്രസമ്മേളനത്തിൽ പറയുകയുണ്ടായി. “കഴിഞ്ഞ 6- 8 മാസങ്ങളിൽ ഇന്ത്യക്കായി വമ്പൻ പ്രകടനമാണ് ജയസ്വാൾ കാഴ്ചവച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് അവനെ ചാമ്പ്യൻസ് ട്രോഫിയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. യുവതാരത്തിന്റെ പ്രതിഭ കൃത്യമായി അറിയാവുന്നതു കൊണ്ടാണ് ഇത്തരം ഒരു തീരുമാനം നമ്മൾ കൈകൊണ്ടിരിക്കുന്നത്.”- രോഹിത് ശർമ പറയുകയുണ്ടായി.

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ കഴിഞ്ഞ സമയങ്ങളിൽ വമ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച കരുൺ നായരെ തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്താൻ ഇന്ത്യ തയ്യാറായില്ല. വിജയ് ഹസാരയിൽ റെക്കോർഡ് പ്രകടനമാണ് കരുൺ കാഴ്ചവച്ചത്. എന്നിട്ടും എന്തുകൊണ്ടാണ് കരുണിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് എന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാനായ അജിത്ത് അഗാർക്കർ വിശദീകരിക്കുകയുണ്ടായി. “700 റൺസിന് മുകളിൽ ശരാശരിയിൽ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കുക എന്നത് ചെറിയ കാര്യമല്ല. അത് ഗംഭീര പ്രകടനം തന്നെയാണ്. പക്ഷേ നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ടീമിൽ കരുൺ നായർക്ക് ഒരു സ്ഥാനം കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടാണ്.”- അജിത് അഗാർക്കർ പറയുന്നു.

ഇതുവരെ വിജയ് ഹസാരെ ട്രോഫിയിൽ 5 സെഞ്ചുറികളാണ് കരുൺ നായർ സ്വന്തമാക്കിയത്. തുടർച്ചയായി സ്ഥിരതയോടെ കളിക്കാൻ താരത്തിന് സാധിച്ചിരുന്നു. 112, 44, 163, 111, 112, 122, 88 എന്നിങ്ങനെയാണ് കരുൺ നായർ കഴിഞ്ഞ മത്സരങ്ങളിൽ നേടിയിട്ടുള്ളത്. 752 എന്ന ശരാശരിയിലാണ് നിലവിൽ കരുൺ കളിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയിൽ 700 റൺസിന് മുകളിൽ സ്വന്തമാക്കുന്ന ആദ്യ നായകൻ കൂടിയാണ് കരുൺ നായർ. ഇത്ര മികച്ച ഫോമിലുള്ള കരുണിനെ ചാമ്പ്യൻസ് ട്രോഫിയിൽ ഉൾപ്പെടുത്താതിരുന്നതിനെ സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്.

Previous articleഗംഭീറിനു താത്പര്യം സഞ്ചുവിനെ. വേണ്ട എന്ന് പറഞ്ഞ് അഗാര്‍ക്കറും രോഹിത് ശര്‍മ്മയും.
Next articleസഞ്ജുവിനെ ഉൾപ്പെടുത്താമായിരുന്നു. അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ നിരാശനായേനെ. ഇർഫാൻ പത്താൻ.