ഇത്തവത്തെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ആരൊക്കെ എത്തും? പ്രവചനവുമായി ശാസ്ത്രിയും പോണ്ടിങ്ങും.

2025 ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പാകിസ്താനിൽ നടക്കുന്ന ടൂർണമെന്റിൽ 8 ടീമുകളാണ് പരസ്പരം പോരാടുക. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങൾ മൂലം ഇന്ത്യയുടെ മത്സരങ്ങൾ ഇത്തവണ ദുബായിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ 2025 എഡിഷനിൽ ആരൊക്കെ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടും എന്ന പ്രവചനവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് മുൻ താരങ്ങളായ രവി ശാസ്ത്രീയും റിക്കി പോണ്ടിങ്ങും.

ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടും എന്നാണ് ശാസ്ത്രീയും പോണ്ടിങ്ങും പറയുന്നത്. 2023 ഏകദിന ലോകകപ്പിലും ഇന്ത്യയും ഓസ്ട്രേലിയയും ആയിരുന്നു ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടിയത്. ശേഷം കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിലും ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടി. ഈ 2 മത്സരങ്ങളിലും ഓസ്ട്രേലിയ ആയിരുന്നു വിജയം സ്വന്തമാക്കിയത്. ശേഷമാണ് ഇപ്പോൾ പ്രവചനവുമായി ശാസ്ത്രിയും പോണ്ടിങ്ങും എത്തിയിരിക്കുന്നത്.

ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ഓസ്ട്രേലിയ എന്നീ ടീമുകൾ ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയുടെ സെമിഫൈനൽ മത്സരങ്ങളിൽ സ്ഥാനം കണ്ടെത്തും എന്നാണ് ശാസ്ത്രി പ്രവചിക്കുന്നത്. ശാസ്ത്രിയുടെ ഈ പ്രവചനത്തോട് പൂർണ്ണമായ യോജിപ്പാണ് പോണ്ടിങ്ങിനുള്ളത്. “ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും മുകളിലേക്ക് നോക്കുക എന്നത് അല്പം ബുദ്ധിമുട്ടാണ്. ടൂർണമെന്റിൽ വിജയിക്കാൻ സാധിക്കുന്ന തരത്തിലുള്ള നിലവാരമുള്ള കളിക്കാർ ഇരു ടീമുകളിലുമുണ്ട്. സമീപകാലത്ത് ഇരു ടീമിലെയും താരങ്ങൾ ഐസിസി ഇവന്റുകളുടെ ഫൈനൽ മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുമുണ്ട്.”- രവി ശാസ്ത്രി പറഞ്ഞു.

പോണ്ടിങ്ങും ഇരു ടീമുകളെയും സപ്പോർട്ട് ചെയ്താണ് സംസാരിച്ചത്. “നിലവിൽ 50 ഓവർ ക്രിക്കറ്റിന്റെ ഫോർമാറ്റിൽ വളരെ മികച്ച പ്രകടനങ്ങളാണ് ഇന്ത്യയും ഓസ്ട്രേലിയയും കാഴ്ച വെച്ചിട്ടുള്ളത്. വലിയ ടൂർണമെന്റുകളിൽ പാക്കിസ്ഥാൻ ടീമിനെയും ഭയപ്പെടേണ്ടതുണ്ട്.”- പോണ്ടിങ് കൂട്ടിച്ചേർക്കുകയുണ്ടായി. 2006ലും 2009ലും ഐസിസി ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയ ടീമാണ് ഓസ്ട്രേലിയ. ഇന്ത്യ 2013ലാണ് ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയത്.