വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത് വളരെ പെട്ടെന്ന് ആയിരുന്നു. അതുകൊണ്ടുതന്നെ കോഹ്ലിയ്ക്ക് പകരക്കാരനെ കണ്ടെത്തുക എന്നത് ഇന്ത്യയ്ക്ക് മുൻപിൽ വലിയ ചോദ്യചിഹ്നമായി നിൽക്കുകയാണ്. രോഹിതിന് പകരം ശു്ഭമാൻ ഗിൽ നായകനായി എത്തുന്നതോടെ ഇത്തരമൊരു ചോദ്യത്തിന്റെ പ്രാധാന്യം വർധിക്കുകയും ചെയ്തു.
കഴിഞ്ഞ 12 വർഷങ്ങളായി ഇന്ത്യൻ ടെസ്റ്റ് ടീമിലെ നാലാം നമ്പർ സ്ഥാനത്ത് മികവ് പുലർത്തിയിരുന്ന താരമാണ് കോഹ്ലി. ഇപ്പോൾ കോഹ്ലിയ്ക്ക് പകരക്കാരനാര് എന്ന ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് സ്പിന്നറായ മോണ്ടി പനേസർ. ഇന്ത്യയുടെ യുവതാരം സായി സുദർശൻ കോഹ്ലിയ്ക്ക് പകരക്കാരനായി, വരുന്ന വർഷങ്ങളിൽ തിളങ്ങുമെന്നാണ് പനേസർ പറയുന്നത്.
“നിലവിൽ ഇന്ത്യൻ ടീമിൽ ഒരുപാട് യുവതാരങ്ങൾ രംഗത്ത് എത്തുന്നുണ്ട്. എന്നിരുന്നാലും സമീപകാലത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ഒരു ബാറ്റർ സായി സുദർശനാണ്. എല്ലായിപ്പോഴും ആക്രമണപരമായ രീതിയിലും ഭയപ്പാടില്ലാതെയും മത്സരങ്ങളിൽ അണിനിരക്കാൻ സുദർശന് സാധിക്കുന്നുണ്ട്. ഇംഗ്ലീഷ് സാഹചര്യങ്ങളിൽ മുൻപും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരം കൂടിയാണ് സുദർശൻ. സറി ടീമിനായി സുദർശൻ മികവ് പുലർത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർസ്റ്റാറായി അവൻ മാറുമെന്നാണ് ഞാനിപ്പോൾ കരുതുന്നത്. മാത്രമല്ല നാലാം നമ്പറിൽ വിരാട് കോഹ്ലിയ്ക്ക് പകരക്കാരനായി സുദർശനെ ഇന്ത്യക്ക് സമീപിക്കാനും സാധിക്കും.”- പനേസർ പറഞ്ഞു.
വിരാട് കോഹ്ലിയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ യുവ താരനിര അണിനിരക്കുന്ന ഇന്ത്യൻ ടീമിന് സാധിക്കുമെന്നാണ് പനേസർ വിശ്വസിക്കുന്നത്. “മുൻപോട്ട് പോകുമ്പോൾ ഇന്ത്യ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം വിരാട് കോഹ്ലിയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുക എന്നതാണ്. അവൻ ടെസ്റ്റ് ക്രിക്കറ്റിൽ ഉയർന്നു വന്നതുപോലെതന്നെ, യുവ താരങ്ങൾക്കും ഉയർന്നു വരാൻ സാധിക്കണം. അവനെപ്പോലെ കളിക്കുന്ന താരങ്ങളെ നമുക്ക് ആവശ്യമാണ്.”- പനേസർ കൂട്ടിച്ചേർക്കുന്നു.
ജൂൺ 20നാണ് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതീരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. രോഹിത് ശർമയും വിരാട് കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ പുതിയ കോമ്പിനേഷനുകളുമായാണ് ഇന്ത്യ ഇംഗ്ലണ്ട് മണ്ണിൽ കളിക്കാൻ ഒരുങ്ങുന്നത്. ആദ്യ മത്സരങ്ങളിൽ തന്നെ ഇംഗ്ലണ്ടിന് മേൽ ശക്തമായ ആധിപത്യം സ്ഥാപിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് മികവ് പുലർത്താൻ സാധിക്കൂ. നിലവിൽ ഇന്ത്യൻ ടീമിലെ ഏറ്റവും സീനിയർ താരം രവീന്ദ്ര ജഡേജയാണ്.