ഇന്ത്യൻ ടീമിന്റെ ഈ കരുത്തിന് കാരണം ഒരാൾ :വാനോളം പുകഴ്ത്തി മുൻ ലങ്കൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ലങ്കൻ പര്യടനം ആരാധകരുടെ എല്ലാം സജീവ ക്രിക്കറ്റ്‌ ചർച്ചകളിലെ പ്രധാന വിഷയമാണ്. യുവ നിരക്ക് പ്രാധാന്യം നൽകി സ്റ്റാർ ഓപ്പണിങ് ബാറ്റ്‌സ്മാൻ ശിഖർ ധവാൻ നയിക്കുന്ന ടീമിനെ പരിശീലിപ്പിക്കുക മുൻ ഇന്ത്യൻ നായകനും ഒപ്പം ഇതിഹാസ താരവുമായ രാഹുൽ ദ്രാവിഡാണ്. നിലവിൽ ദ്രാവിഡ് നാഷണൽ ക്രിക്കറ്റ്‌ അക്കാഡമിയുടെ തലവനായി ചുമതല വഹിക്കുമ്പോയാണ് ലങ്കയിൽ താരത്തെ പരിശീലകനായി അയക്കാനുള്ള ബിസിസിഐയുടെ തീരുമാനവും വന്നത്.ആദ്യമായി ഇന്ത്യൻ സീനിയർ ടീമിന്റെ പരിശീലക കുപ്പായം അണിയുന്ന ദ്രാവിഡിനെ പുകഴ്ത്തി രംഗത്ത് എത്തുകയാണ് മുൻ ശ്രീലങ്കൻ താരം അരവിന്ദ ഡിസിൽവ.

ഇന്ന് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ യുവനിര ശക്തമാണെന്ന് അഭിപ്രായപ്പെട്ട മുൻ ലങ്കൻ താരം ഇക്കാര്യത്തിൽ നമ്മൾ എല്ലാം വളരെ അധികം നന്ദി പറയേണ്ടത് രാഹുൽ ദ്രാവിഡ് എന്ന അണ്ടർ 19 ടീം കോച്ചിനോടാണ് എന്നും അദ്ദേഹം തുറന്ന് പറഞ്ഞു. “ഒരു കളിക്കാരൻ ദ്രാവിഡിന് ഒപ്പം പരിശീലനം നടത്തിയാൽ ആ കളിക്കാരന്റെ കരിയർ ശരിയായ മികച്ച ദിശയിലാണെന്ന് നമുക്ക് ഉറപ്പിക്കാം ” താരം അഭിപ്രായം വ്യക്തമാക്കി.

“ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ഏറെ അച്ചടക്കം പാലിച്ച താരമാണ് ദ്രാവിഡ്. അതിനാൽ സ്വാഭാവികമായി അദ്ദേഹം പരിശീലനം നൽകുന്ന താരങ്ങളും ആ ഗുണം നേടും. ഒരു താരത്തിന്റെ കരിയറിന് മികച്ച അടിത്തറ ലഭിക്കുന്നത് അണ്ടർ 19 ടീം കാലയളവിലാണ്. ദ്രാവിഡിനെ പോലെ ഒരു താരം തന്റെ അനുഭവങ്ങൾ യുവ താരങ്ങൾക്ക് നൽകുന്നത് അവർക്ക് വളരെ ഉപകാരപ്രദമാണ്. തങ്ങൾ ഏറെ ഇഷ്ടപെടുന്ന താരത്തിൽ നിന്നും പരിശീലനം ലഭിക്കുകയെന്നതും പല യുവ താരങ്ങളുടെയും സൗഭാഗ്യമാണ് അത് അവർക്കെല്ലാം ഗുണം ചെയ്യും “താരം വാചാലനായി.