ഫിനിഷര്‍ റോളിലേക്ക് തയ്യാറാവാന്‍ അവര്‍ എന്നോട് പറഞ്ഞു. വെളിപ്പെടുത്തലുമായി സഞ്ചു സാംസണ്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ 86, 30 സ്‌കോറുകളാണ് സഞ്ചു നേടിയത്. ഐപിഎല്‍ മത്സരങ്ങളില്‍ ടോപ്പ് ഓഡറില്‍ ബാറ്റ് ചെയ്യുന്ന താരം, നിലവില്‍ ഫിനിഷര്‍ റോളിലാണ് ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത്.

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി തന്‍റെ ഫിനിഷിങ്ങ് റോളിനെ പറ്റി മനസ്സ് തുറന്നു. കഴിഞ്ഞ വര്‍ഷം തന്നോട് ഫിനിഷര്‍ റോളില്‍ തയ്യാറാവാന്‍ നിര്‍ദ്ദേശം നല്‍കിയതായി സഞ്ചു വെളിപ്പെടുത്തി

“തീർച്ചയായും, ഞാൻ വ്യത്യസ്ത തരത്തിലുള്ള റോളുകള്‍ പരിശീലിക്കുന്നു, കഴിഞ്ഞ രണ്ട് വർഷങ്ങളായി, വ്യത്യസ്ത ടീമുകളിൽ എനിക്ക് കളിക്കേണ്ട വ്യത്യസ്ത തരം റോളുകൾ എന്നെ സഹായിച്ചിട്ടുണ്ട്, ഞാൻ അത് ആസ്വദിക്കുകയാണ്,” സഞ്ചു സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു..

“കഴിഞ്ഞ ഒരു വർഷം മുതൽ ഈ ഫിനിഷിംഗ് റോൾ ചെയ്യാൻ തയ്യാറാകാൻ എനിക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്, ഞാൻ ടോപ്പ് ഓർഡർ ബാറ്റിംഗാണ് ചെയ്യുന്നത്, എന്നാൽ മാനസികമായി ഞാൻ സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കണം, മുന്‍പ് താരങ്ങള്‍ എങ്ങനെ ചെയ്തു എന്നതിനെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നുണ്ട്. ചരിത്രത്തിൽ നിന്ന് പഠിക്കുന്നത് വളരെ മനോഹരമാണ്, അതിനാൽ ധാരാളം കാര്യങ്ങള്‍ പഠിക്കുകയാണ്,” സഞ്ചു കൂട്ടിച്ചേർത്തു.