ഓപ്പണിങ് പൊസിഷനിൽ നിന്ന് മാറിയതാണ് രോഹിതിന്റെ മോശം ഫോമിന് കാരണം : പൂജാര

ഗാബ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ബാറ്റിംഗിൽ വളരെ മോശം പ്രകടനമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ കാഴ്ചവച്ചത്. മത്സരത്തിൽ മധ്യനിരയിൽ ബാറ്റിംഗിനെത്തിയ രോഹിതിന് 27 പന്തുകളിൽ 10 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. പാറ്റ് കമ്മിൻസിന്റെ പന്തിലാണ് രോഹിത് പുറത്തായത്.

ഇതിന് ശേഷം രോഹിത്തിന്റെ മോശം ഫോമിനെ സംബന്ധിച്ച് സംസാരിക്കുകയാണ് ഇന്ത്യൻ താരം ചേതെശ്വർ പൂജാര. ഓപ്പണറായിരുന്ന രോഹിത് ശർമ ആറാം നമ്പറിലേക്ക് ബാറ്റിംഗ് പൊസിഷൻ മാറ്റിയത് അവന്റെ ഫോമില്ലായ്മയ്ക്ക് കാരണമായി മാറിയിട്ടുണ്ട് എന്നാണ് പൂജാര കരുതുന്നത്.

മത്സരത്തിൽ കമ്മിൻസിനെതിരെ ഒരു ഡ്രൈവ് കളിക്കാൻ ശ്രമിച്ച രോഹിത് ശർമ വിക്കറ്റ് കീപ്പർ കെയറിയ്ക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. ഇതേ സംബന്ധിച്ചാണ് പൂജാര സംസാരിച്ചത്. ഡ്രൈവ് കളിക്കാൻ പാകത്തിനുള്ള ലങ്ത് ബോളായിരുന്നില്ല അത് എന്നാണ് പുജാര വിലയിരുത്തുന്നത്.

അതുകൊണ്ടു തന്നെ രോഹിത് അവിടെ ശ്രമിക്കേണ്ടത് പന്തിനെ പ്രതിരോധിക്കാനായിരുന്നു എന്ന് പൂജാര പറഞ്ഞു. ബോളിന്റെ ദിശ നിർണയിക്കുന്നതിൽ രോഹിതിന് വന്ന പിഴവാണ് മത്സരത്തിലെ പുറത്താകലിന്റെ കാരണം എന്ന് പുജാര കരുതുന്നു. മാത്രമല്ല രോഹിതിന്റെ ആത്മവിശ്വാസത്തിൽ വന്നിരിക്കുന്ന കുറവും താരത്തെ ബാധിക്കുന്നുണ്ട് എന്നാണ് പൂജാരയുടെ വിലയിരുത്തൽ.

“നമുക്ക് ഡ്രൈവ് ഷോട്ട് കളിക്കാൻ പറ്റിയ പന്തായിരുന്നില്ല അത്. ഒരു ഫുള്ളർ ലെങ്തിൽ വരുന്ന പന്തുകൾ ഡ്രൈവ് ചെയ്യുക എന്നത് കഠിനമാണ്. ആ പന്തിനെ പ്രതിരോധിക്കാനായിരുന്നു അവിടെ രോഹിത് ശ്രമിക്കേണ്ടത്. തന്റെ അടുത്തേക്ക് പന്ത് വരാനായി സൗകര്യം ഉണ്ടാക്കണമായിരുന്നു. പക്ഷേ രോഹിത് ചെയ്തത് ആ ബോളിന് നേരെ ബാറ്റ് വയ്ക്കുക മാത്രമാണ്. കഴിഞ്ഞ മത്സരങ്ങളിൽ റൺസ് നേടാൻ സാധിക്കാതെ വന്നതും, അവിടെ രോഹിത്തിനെ ബാധിച്ചിട്ടുണ്ട്. ആ സമ്മർദ്ദമാണ് ഇത്തരമൊരു ഷോട്ട് കളിക്കാനും കാരണമായത്.”- പൂജാര പറഞ്ഞു.

“മുൻപ് ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തിരുന്ന താരമാണ് രോഹിത് ശർമ. ഇപ്പോൾ ആറാം നമ്പറിലാണ് രോഹിത് കളിക്കുന്നത്. അതും ടീമിനായാണ് പക്ഷേ എന്റെ വീക്ഷണത്തിൽ ഓപ്പണറായി കളിച്ച ഒരു വ്യക്തി മധ്യനിരയിലേക്ക് എത്തുമ്പോൾ ഇത്തരത്തിൽ സംശയകരമായ സാഹചര്യങ്ങൾ ഉണ്ടായേക്കാം. സാധാരണയായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്ന ഒരു താരം പെട്ടെന്ന് തന്നെ ആറാം നമ്പരിൽ ബാറ്റിംഗ് ആരംഭിക്കുമ്പോൾ അത് അവന്റെ പ്രകടനത്തെ ബാധിക്കും എന്നത് ഉറപ്പാണ്. ഒരിക്കലും ഓപ്പണിങ്ങിൽ ലഭിക്കുന്ന മൊമെന്റം രോഹിത്തിന് ഇപ്പോൾ ലഭിക്കില്ല.”- പൂജാര കൂട്ടിച്ചേർക്കുന്നു

Previous article“ഞങ്ങൾ ആരെയും പരസ്പരം പഴി ചാരാറില്ല. ജയത്തിലും പരാജയത്തിലും ഒരുമിച്ച്”- ബുമ്ര.