ആവേശം അവസാന പന്ത് വരെ. 3 റണ്‍സ് വിജയവുമായി ഇന്ത്യ. പരമ്പരയില്‍ മുന്നില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് വിജയം. അവേശം അവസാന പന്ത് വരെ നീണ്ടു നിന്ന മത്സരത്തില്‍ 3 റണ്‍സിനായി വിജയം. 309 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനു നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സില്‍ എത്താനാണ് സാധിച്ചത്. ഇതോടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ഞായറാഴ്ച്ചയാണ് രണ്ടാം മത്സരം.

വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനു മോശം തുടക്കമാണ് ലഭിച്ചത്. തുടക്കത്തിലേ 7 റണ്‍സ് നേടിയ ഷായി ഹോപ്പിനെ മുഹമ്മദ് സിറാജ് മടക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കെയ്ല്‍ മയേഴ്സും (75) ബ്രൂക്ക്സും(46) ചേര്‍ന്ന് അടിത്തറ പണിതു. ഇരുവരും ചേര്‍ന്ന് 117 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉയര്‍ത്തി. അവസാന 15 ഓവറില്‍ 120 റണ്‍സ് വേണമെന്നിരിക്കെ വിജയം വിന്‍ഡീസ് സ്വപ്നം കണ്ടു.

343062

എന്നാല്‍ നിക്കോളസ് പൂരനെയും (25) റൊവ്മാന്‍ പവലിനെയും (6) മടക്കി ഇന്ത്യന്‍ ബോളര്‍മാര്‍ തിരിച്ചെത്തി. പക്ഷേ ലോവര്‍ ഓഡറൊത്ത് ബ്രാണ്ടന്‍ കിംഗ് ഉയര്‍ത്തിയ രണ്ട് അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ട് വിന്‍ഡീസിനു വിജയപ്രതീക്ഷ നല്‍കി. 54 റണ്‍സ് നേടിയ ബ്രാണ്ടന്‍ കിംഗിനെ പുറത്തൊക്കി ചഹല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. അവസാന 3 ഓവറില്‍ 34 റണ്‍സ് വേണമെന്നിരിക്കെ പ്രസീദ്ദ് കൃഷ്ണയും മുഹമ്മദ് സിറാജും അത് പ്രതിരോധിച്ചു.

സിറാജെറിഞ്ഞ അവസാന ഓവറിൽ 15 റൺസായിരുന്നു വെസ്റ്റ് ഇന്‍ഡീസിനു വിജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ 5 പന്തുകളിൽ വിൻഡീസ് 10 റൺസ് സ്കോർ ചെയ്തതോടെ അവസാന പന്തിൽ വിജയലക്ഷ്യം 5 റൺസായി. എന്നാൽ അവസാന പന്തില്‍ സിറാജ് ഒരു റൺസ് മാത്രമാണ് വിട്ടു കൊടുത്തത്. ഇതോടെ മത്സരത്തിൽ ഇന്ത്യക്ക് 3 റൺസിന്റെ ആവേശ ജയം സ്വന്തമാക്കി. ഷെഫേഡ് 25 പന്തിൽ 39 റൺസുമായും, അകീൽ ഹൊസൈൻ 33 റൺസുമായും പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി സിറാജ്, ഷർദുൽ താക്കൂർ, യുസ്വേന്ദ്ര ചഹൽ എന്നിവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തി.

343068

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, തുടക്കത്തിലെ തകര്‍പ്പന്‍ പ്രകടനത്തിനു ശേഷം ഫിനിഷിങ്ങ് മോശമാക്കി. ടോപ്പ് ത്രീ മിന്നി നിന്ന മത്സരത്തില്‍ മധ്യനിരയും ലോവര്‍ ഓഡറിനും തിളങ്ങാനായില്ലാ. ഒരുവേള 350 സ്വപ്നം കണ്ട ഇന്ത്യ, നിശ്ചിത 50 ഓവറില്‍ 7 ന് 308 റണ്‍സില്‍ എത്താനാണ് കഴിഞ്ഞത്.

343040

ഓപ്പണിംഗില്‍ എത്തിയ ശിഖാര്‍ ധവാനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് 119 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. ക്ലാസിക്ക് ഷോട്ടുകളുമായി അര്‍ദ്ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ശുഭ്മാന്‍ ഗില്‍ (53 പന്തില്‍ 64) അലസതയോടെ റണ്ണിനായി ഓടി, വിക്കറ്റ് നഷ്ടമാക്കി.

343041

മൂന്നാം നമ്പറില്‍ എത്തിയ ശ്രേയസ്സ് അയ്യരോടൊപ്പം ക്യാപ്റ്റന്‍ ധവാന്‍, ഇന്ത്യയെ മുന്നോട്ട് നയിച്ചു. പേസ് ബോളര്‍മാര്‍ക്കെതിരെ കഷ്ടപ്പെട്ട ശ്രേയസ്സ് അയ്യര്‍, സ്പിന്നര്‍മാരെ അനായസം നേരിട്ടു. സെഞ്ചുറിക്ക് 3 റണ്‍സ് അകലെയാണ് ശിഖാര്‍ ധവാന്‍ വീണത്. പിന്നീട് ശ്രേയസ്സ് അയ്യരും (57 പന്തില്‍ 54) പുറത്തായതോടെ പതനം ആരംഭിച്ചു.

343050

ഫിനിഷിങ്ങ് ജോലി പൂര്‍ത്തിയാക്കാനാവാതെ സൂര്യകുമാര്‍ യാദവ് (13) സഞ്ചു സാംസണ്‍ (12) ദീപക്ക് ഹൂഡ (27) ആക്ഷര്‍ പട്ടേല്‍ (21) എന്നിവര്‍ മടങ്ങി. മുഹമ്മദ് സിറാജ് 1 ഉം ഷര്‍ദുല്‍ ഠാക്കൂര്‍ 7 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വിന്‍ഡീസിനായി ഗുഡകേഷ് മോട്ടിയും അല്‍സാരി ജോസഫും 2 വിക്കറ്റ് വീതം വീഴ്ത്തി. റൊമാരിയോ ഷെപ്പേഡ്, അകീല്‍ ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.