വിൻഡിസിന്റെ കോട്ടകൾ തകർത്ത് സിറാജ്. 47 റൺസിനിടെ 6 വിക്കറ്റ്. ഇന്ത്യൻ തേരോട്ടം.

വിൻഡിസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസം ഇന്ത്യൻ പേസർമാരുടെ ഒരു വമ്പൻ തിരിച്ചുവരവ്. മത്സരത്തിൽ 208ന് 4 എന്ന നിലയിൽ നിന്ന വെസ്റ്റിൻഡീസിനെ ആദ്യ ഇന്നിങ്സിൽ കേവലം 255 റൺസിന് ഓൾ ഔട്ടാക്കാൻ ഇന്ത്യൻ പേസർമാർക്ക് സാധിച്ചു. മത്സരത്തിന്റെ നാലാം ദിവസം ഒരു തകർപ്പൻ പ്രകടനം തന്നെയാണ് ഇന്ത്യൻ ബോളർമാർ കാഴ്ചവച്ചത്. മുഹമ്മദ് സിറാജ് അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കി ഇന്ത്യയ്ക്കായി നാലാമത്തെ ദിവസം വീര്യം കാട്ടി. ഒപ്പം മുകേഷ് കുമാർ ഒരു വിക്കറ്റ് കൂടി നേടിയതോടെ വിൻഡിസ് ചെറിയ സ്കോറിൽ ഓൾഔട്ട് ആവുകയായിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 183 റൺസിന്റെ ലീഡും ലഭിച്ചിട്ടുണ്ട്.

364633

മുൻപ് ടോസ് നേടിയ വിൻഡീസ് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ 438 റൺസാണ് ഇന്ത്യ നേടിയത്. വിരാട് കോഹ്ലിയുടെ ഉഗ്രൻ സെഞ്ചുറിയായിരുന്നു ഇന്ത്യയെ ഇത്ര മികച്ച സ്കോറിൽ എത്തിച്ചത്. മത്സരത്തിൽ കോഹ്ലി 206 പന്തുകൾ നേരിട്ട് 121 റൺസ് നേടുകയുണ്ടായി. 11 ബൗണ്ടറികളാണ് കോഹ്ലിയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ശേഷം മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് അതി സൂക്ഷ്മമായാണ് തുടങ്ങിയത്.

മത്സരത്തിന്റെ മൂന്നാം ദിവസം വെസ്റ്റിൻഡീസ് ബാറ്റർമാരുടെ പൂർണ്ണമായ ചേറുത്തു നിൽപ് തന്നെയായിരുന്നു കാണാൻ സാധിച്ചത്. മത്സരത്തിൽ 235 പന്തുകൾ നേരിട്ടാണ് ബ്രാത്വെയിറ്റ് 75 റൺസ് നേടിയത്. മറ്റു ബാറ്റർമാരും അങ്ങേയറ്റം പ്രതിരോധാത്മകമായി കളിച്ചപ്പോൾ വിൻഡിസ് വലിയൊരു സ്കോറിലേക്ക് എത്തും എന്ന് എല്ലാവരും കരുതി. എന്നാൽ അഞ്ചാം ദിവസം പൂർണ്ണമായും പ്രതീക്ഷകൾ തെറ്റിച്ച ബോളിംഗ് പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഇന്ത്യയുടെ പേസർമാർ കൃത്യമായ ലൈനിലും ലെങ്തിലും പന്തറിയാൻ തുടങ്ങിയതോടെ വിൻഡിസ് വിക്കറ്റുകൾ തുടരെ വീഴുകയായിരുന്നു.

സാധാരണയായി ഇന്ത്യക്കായി സ്പിന്നർമാർ മികവുകാട്ടുമ്പോൾ മത്സരത്തിന്റെ നാലാം ദിവസം കണ്ടത് പേസ് ബാറ്ററികളുടെ ഒരു അഴിഞ്ഞാട്ടം തന്നെയാണ്. എന്തായാലും ആദ്യ ഇന്നിങ്സിൽ ശക്തമായ ഒരു ലീഡ് കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. രണ്ടാം ഇന്നിങ്സിൽ ഒരു മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് വലിയൊരു വിജയലക്ഷ്യം വെസ്റ്റിൻഡീസിന് മുൻപിലേക്ക് വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.