ഐപിഎൽ സമയത്ത് തന്നെ ഞങ്ങൾ ടെസ്റ്റ്‌ ഫൈനലിനായി പരിശീലനം തുടങ്ങി. അക്ഷർ പട്ടേൽ പറയുന്നു.

indian test team 2021

ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം ഇപ്പോൾ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആവേശം കെട്ടടങ്ങുന്നതിനു മുൻപ് തന്നെയാണ് ഇന്ത്യ ഇത്ര വലിയ മത്സരത്തിന് തയ്യാറെടുക്കുന്നത്. അതിനാൽ തന്നെ ആവശ്യമായ സമയം ഇന്ത്യൻ ടീമിന് തയ്യാറെടുപ്പുകൾക്ക് ലഭിച്ചിട്ടുണ്ടോ എന്നത് ആരാധകർക്കിടയിൽ പോലും ഉദിക്കുന്ന സംശയമാണ്. ഇതിനുള്ള മറുപടിയുമായി രംഗത്തെത്തിരിക്കുകയാണ് ഇന്ത്യൻ താരം അക്ഷർ പട്ടേൽ. തങ്ങൾ ഐപിഎൽ സമയത്ത് തന്നെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു എന്നാണ് അക്ഷർ പറഞ്ഞത്.

“ഞങ്ങൾ ഐപിഎൽ സമയത്ത് തന്നെ പരിശീലനങ്ങൾ ആരംഭിച്ചിരുന്നു. ടെസ്റ്റിൽ ഉപയോഗിക്കുന്ന ചുവപ്പ് ബോൾ വച്ച് ഞങ്ങൾ പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു. അത് ഞങ്ങൾ വളരെയധികം ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും നിശ്ചിത ഓവർ ക്രിക്കറ്റിൽ നിന്ന് ടെസ്റ്റ് മത്സരങ്ങളിലേക്കുള്ള മാറ്റം കുറച്ച് കഠിനം തന്നെയാണ്. പക്ഷേ ഞങ്ങൾക്ക് ആവശ്യമായ സമയം ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേയോഫിലെത്താത്ത ടീമിലെ താരങ്ങൾക്ക് കുറച്ചധികം സമയം ലഭിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ വലിയ പ്രശ്നങ്ങൾ ഞങ്ങളെ കാത്തിരിപ്പുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം ഞങ്ങൾക്ക് തയ്യാറെടുപ്പിന് സമയം ലഭിച്ചിരുന്നു.” – അക്ഷർ പറയുന്നു.

See also  ധോണിയെ ലോകകപ്പിൽ കളിപ്പിക്കാനാവുമോ? ഉത്തരം നൽകി രോഹിത് ശർമ.
Axar Kohli Test BCCI 571 855

ഇതോടൊപ്പം മത്സരത്തിൽ ഡ്യൂക്സ് ബോളുകൾ ഉപയോഗിക്കുമ്പോഴുള്ള കാര്യങ്ങളെപ്പറ്റിയും അക്ഷർ പറയുകയുണ്ടായി. ” ഡ്യൂക്സ് ബോളുകൾ മറ്റു പന്തുകളെക്കാൾ കുറച്ചധികം സമയം സ്വിങ്ങ് ചെയ്യാറുണ്ട്. ഐപിഎൽ സമയത്ത് ഞങ്ങൾ ഡ്യൂക്സ് ബോളുകൾ വാങ്ങിയിരുന്നു. അത് ഉപയോഗിച്ചാണ് ഞങ്ങൾ പ്രാക്ടീസുകൾ ചെയ്തത്. കാരണം ഞങ്ങൾക്ക് കൃത്യമായ ബൗളിംഗ് താളം ഈ ബോളിലും കണ്ടെത്തേണ്ടിയിരുന്നു. ബോളിന്റെ കാര്യം മാറ്റിനിർത്തിയാൽ മികച്ച ലെങ്ങ്ത്തിൽ മികച്ച ലൈനിൽ പന്തറിഞ്ഞാൽ വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്. “- അക്ഷർ കൂട്ടിച്ചേർത്തു.

ജൂൺ 7 ഓവലിലാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഫൈനൽ നടക്കുന്നത്. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലും ഇന്ത്യ ഇടം കണ്ടെത്തിയിരുന്നു. എന്നാൽ അന്ന് ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ പരാജയപ്പെടുകയായിരുന്നു. ആ പിഴവുകൾ തിരുത്തി ഇത്തവണ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ് കിരീടം സ്വന്തമാക്കാൻ തന്നെയാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നിരുന്നാലും ടീമിലെ പല താരങ്ങളുടെയും പരിക്ക് ഇന്ത്യയെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.

Scroll to Top