ഇന്ത്യയെ ഫൈനലിൽ കിട്ടണം ഞങ്ങൾക്ക് :വെല്ലുവിളിയുമായി അക്തർ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമും ആരാധകരും എല്ലാം വളരെ വലിയ സമ്മർദ്ദമാണ് നേരിടുന്നത്. എല്ലാ കാലത്തും ലോകകപ്പ് ടൂർണമെന്റുകളിൽ ഫേവറൈറ്റ് ആയി എത്താറുള്ള ഇന്ത്യൻ ടീമിന് പക്ഷേ ഈ ടി :20 ലോകകപ്പിൽ പ്രാഥമിക റൗണ്ടിൽ തന്നെ കാലിടറുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. സൂപ്പർ 12 റൗണ്ടിലെ തുടർ തോൽവികൾ ഇന്ത്യൻ ടീമിനെ എത്തിച്ചത് അത്യന്തം സങ്കീർണ്ണമായ ഒരു സ്ഥിതി വിശേഷത്തിലേക്കാണ്. ഇനി ഗ്രൂപ്പിലെ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും തന്നെ ജയിച്ചാൽ പോലും സെമിഫൈനലിലേക്ക് യോഗ്യത ലഭിക്കുമോയെന്നുള്ള കാര്യം പോലും സംശയത്തിലായ ഇന്ത്യൻ ടീം അനേകം പ്രതീക്ഷകളോടെയാണ് ഇന്ന് സ്കോട്ലാൻഡ് ടീമിനെതിരെ കളിക്കാൻ ഇറങ്ങുന്നത്. കൂടാതെ ഗ്രൂപ്പിലെ മറ്റ് ടീമുകൾ ജയപരാജയവും കോഹ്ലിക്കും ടീമിനും പ്രധാനമാണ്.

അതേസമയം ഇന്ത്യൻ ടീമിനെ വീണ്ടും ഒരിക്കൽ കൂടി വെല്ലുവിളിക്കുകയാണ് മുൻ പാകിസ്ഥാൻ താരം അക്തർ.ആദ്യ മത്സരത്തിൽ പാകിസ്ഥാൻ ടീമിനോട് ഇന്ത്യ 10 വിക്കറ്റ് തോൽവി വഴങ്ങിയത് ചർച്ചയായി മാറിയിരുന്നു. ഐസിസി ലോകകപ്പിൽ ആദ്യമായിട്ടാണ് ഇന്ത്യൻ ടീം പാകിസ്ഥാനോട് തോറ്റത്. എന്നാൽ ടീം ഇന്ത്യയെ ഇത്തവണത്തെ ലോകകപ്പ് ഫൈനലിൽ ഒരിക്കൽ കൂടി കിട്ടണം എന്ന് അഭിപ്രായപെടുകയാണ് മുൻ പാക് പേസർ അക്തർ.ഇന്ത്യയെ ഇത്തവണ ലോകകപ്പ് ഫൈനലിൽ തോൽപ്പിക്കാൻ പാകിസ്ഥാൻ ടീമും ഞങ്ങളും വളരെ ഏറെ ആഗ്രഹിക്കുന്നതായി പറഞ്ഞ അക്തർ അതിനായി പ്രാർഥിക്കുകയാണ് തങ്ങൾ എല്ലാമെന്നും വിശദമാക്കി.

“മോക്ക പരസ്യത്തെ ഞങ്ങൾ ആരും മറന്നിട്ടില്ല. രസത്തിനായി പരസ്യങ്ങൾ വരുന്നത് കുഴപ്പമില്ല. എന്നാൽ നിങ്ങൾ ഒരു രാജ്യത്തെയാണ് അപമാനിക്കുന്നത്. ഇതാണ് വേദനിപ്പിക്കുന്നത്.സത്യത്തിൽ ഞങ്ങൾ ഇന്ത്യൻ ടീമിനെ ഒരിക്കൽ കൂടി ഫൈനലിൽ ലഭിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യയെ ഇത്തവണത്തെ ടി :20 വേൾഡ് കപ്പിൽ തോൽപ്പിക്കാൻ ഞങ്ങൾക്ക് എല്ലാം ആഗ്രഹമുണ്ട്. അതിനായി എല്ലാ പാകിസ്ഥാൻ ആരാധകരും പ്രാർത്ഥന നടത്തുകയാണ് ” ഷോയിബ് അക്തർ തുറന്ന് പറഞ്ഞു