എല്ലാ ചുമതലകളും ആ കൈകളിൽ ഭദ്രം :ധോണിയെ സമ്മതിക്കണമെന്ന് വിരാട് കോഹ്ലി

ലോകക്രിക്കറ്റിൽ ധോണിയോളം മികച്ച ഒരു നായകനില്ല എന്നതാണ് സത്യം. ടീം ഇന്ത്യയെ പ്രധാന വിജയങ്ങളിലേക്ക് എല്ലാം നയിച്ച ഇതിഹാസ നായകനും ഒപ്പം ലോകത്തെ ഏറ്റവും മികച്ച ഫിനിഷർ ബാറ്റ്സ്മാനുമായ ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഇന്നും വളരെയേറെ ആരാധകരുള്ള താരമാണ്. ഇത്തവണത്തെ ഐപിഎല്ലിലും ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ കളിച്ച ധോണി മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. ഒരു വിക്കറ്റ് കീപ്പറെന്ന നിലയിലും തിളങ്ങിയ താരത്തെ കുറിച്ച് വാചലനവുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടീമിലെ കോഹ്ലി :ധോണി സൗഹൃദം എല്ലാവർക്കും വളരെ സുപരിചിതമാണ്.

തന്റെ കരിയറിൽ ഒരിക്കൽ വിക്കറ്റ് കീപ്പ് ചെയ്യവേയുള്ള അനുഭവം ഇന്ത്യൻ ടീമിലെ സഹതാരമായ മായങ്ക് അഗർവാളുമായി സംസാരിക്കവെയാണ് വിരാട് കോഹ്ലി വിശദമാക്കിയത്.”2015ലെ ഒരു ഏകദിന മത്സരത്തിനിടയിൽ നായകനും ഒപ്പം വിക്കറ്റ് കീപ്പറുമായ ധോണി അടിയന്തര ആവശ്യത്തിന് ഡ്രസിങ് റൂമിലേക്ക്‌ തന്നെ മടങ്ങിയപ്പോൾ ഞാൻ ആയിരുന്നു കുറച്ച് ഓവറുകൾ കീപ്പ് ചെയ്തതും ക്യാപ്റ്റൻസി റോൾ ഏറ്റെടുത്തതും. അന്ന് എനിക്ക് മനസ്സിലായി ഇതെല്ലാം എത്രത്തോളം കഠിനമായ ചുമതലകളാണെന്ന്.ഇത്ര ഏറെ സമയം രണ്ട് ജോലികളും ചെയ്യുക അസാധ്യം തന്നെ “കോഹ്ലി വിശദീകരിച്ചു.

അന്ന് ധോണിക്ക് പകരം മറ്റൊരു കീപ്പർ വരുവാൻ ചട്ടം അനുവദിച്ചില്ല. ഞാൻ തന്നെ വിക്കറ്റ് കീപ്പ് ചെയ്യാനുള്ള കാരണം അതാണെന്നും താരം തുറന്ന് പറഞ്ഞു. ക്യാപ്റ്റൻസിക്കൊപ്പം വിക്കറ്റ് കീപ്പിങ് ചുമതല എത്രത്തോളം ബുദ്ധിമുട്ടാണ് എന്ന് കോഹ്ലി വിശദീകരിച്ചു. “രണ്ട് വളരെ ശ്രേദ്ധ ആവശ്യമുള്ള ജോലികൾ ഒരുമിച്ച് ചെയ്യുക ബുദ്ധിമുട്ടാണ് എന്ന് ഞാൻ അന്ന് മനസ്സിലാക്കി.ഓരോ പന്തിലും ശ്രദ്ധ നൽകുന്നതിനൊപ്പം ഫീൽഡിങ്ങിലും ഏറെ മാറ്റങ്ങൾ നടത്തേണ്ടി വരും. അന്ന് അതെല്ലാം വളരെ രസകരമായി എനിക്ക് തോന്നിയെങ്കിലും കരിയറിൽ ബാറ്റിംഗ്, വിക്കറ്റ് കീപ്പിങ്, ക്യാപ്റ്റൻസി റോൾ എല്ലാം ഭംഗിയായി നിർവഹിച്ച ധോണിയെ നമ്മൾ വാനോളം പ്രശംസിക്കണം ” കോഹ്ലി അഭിപ്രായം വ്യക്തമാക്കി