ആദ്യ ഓവറില്‍ തന്നെ കൊല്‍ക്കത്തയുടെ വിജയ സാധ്യത ഇല്ലാതാക്കിയ പൃഥി ‘ഷോ’

കൊല്‍ക്കത്തക്കെതിരെയുള്ള 155 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യ ഓവറില്‍ തന്നെ ഇയാന്‍ മോര്‍ഗന്‍റെ ടീമിനു വിജയസാധ്യതകളെല്ലാം ഇല്ലാതാക്കി. ശിവം മാവി എറിഞ്ഞ ആദ്യ ഓവറില്‍ 25 റണ്‍സാണ് പിറന്നത്. ആദ്യ പന്ത് വൈഡ് പോയപ്പോള്‍ ഓവറിലെ ആറ് പന്തുകളും പൃഥി ഷാ ബൗണ്ടറി നേടി.

മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരവും, നിലവിലെ ഡല്‍ഹി ടീമിലെ സഹതാരവുമായ അജിങ്ക്യ രഹാനക്ക് ശേഷം ഒരോവറില്‍ ആറ് ബൗണ്ടറികള്‍ നേടുന്ന താരമാണ് പൃഥി ഷാ. സ്ട്രൈറ്റ് ഡ്രൈവിലൂടെ ബൗണ്ടറി വേട്ട തുടങ്ങിയ താരം എക്സ്ട്രാ കവറിലൂടെ ബൗണ്ടറി നേടിയാണ് ആദ്യ ഓവര്‍ അവസാനിപ്പിച്ചത്.

ആദ്യ ഓവറില്‍ അവസാനിപ്പിക്കാതിരുന്ന താരം തുടര്‍ന്നും ബൗണ്ടറികള്‍ കണ്ടത്തികൊണ്ടിരുന്നു. വെറും 18 പന്തില്‍ ഈ സീസണിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധസെഞ്ചുറി പൃഥി ഷാ സ്വന്തമാക്കി. 41 പന്തില്‍ 11 ഫോറും 3 സിക്സുമായി 82 റണ്‍സെടുത്തു മടങ്ങി.

നേരത്തെ 2012 ലാണ് രഹാനയുടെ ഒരോവറില്‍ 6 ബൗണ്ടറി നേടിയത്. ബാംഗ്ലൂര്‍ താരം ശ്രീനാഥ് അരവിന്ദിനെതിരെയാണ് 13ാം ഓവറില്‍ രാജസ്ഥാന്‍ ജേഴ്സിയില്‍ രഹാനയുടെ പ്രകടനം അരങ്ങേറിയത്. ആ മത്സരത്തില്‍ രഹാന സെഞ്ചുറി നേടുകയും ചെയ്തു.