ജോസ് ദ ബോസ്. അപൂര്‍വ്വ നേട്ടവുമായി ജോസ് ബട്ട്ലര്‍.

ഐസിസി ടി20 ലോകകപ്പിലെ തകര്‍പ്പന്‍ ബാറ്റിംഗ് ഫോം തുടര്‍ന്ന് ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലര്‍. ശ്രീലങ്കക്കെതിരെയുള്ള സൂപ്പര്‍ 12 പോരാട്ടത്തില്‍ ടൂര്‍ണമെന്‍റിലെ ആദ്യ സെഞ്ചുറിയും ജോസ് ബട്ട്ലര്‍ സ്വന്തമാക്കി. ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ 67 പന്തില്‍ നിന്നാണ് ഇംഗ്ലണ്ട് താരം സെഞ്ചുറി നേടിയത്.

പതിയെ തുടങ്ങി അവസാനമാണ് ജോസ് ബട്ട്ലര്‍ സ്പീഡ് കൂട്ടിയത്. അര്‍ദ്ധസെഞ്ചുറി നേടാന്‍ 45 ബോള്‍ വേണ്ടി വന്നപ്പോള്‍ പിന്നീടുള്ള 51 റണ്‍ നേടിയത് വെറും 22 ബോളിലാണ്. ഇന്നിംഗ്സിന്‍റെ അവസാന പന്തില്‍ സിക്സ് നേടിയാണ് ജോസ് ബട്ട്ലര്‍ സെഞ്ചുറി തികച്ചത്.

മത്സരത്തില്‍ 101 റണ്‍ നേടിയ ജോസ് ബട്ട്ലര്‍ അപൂര്‍വ്വ റെക്കോഡുകളും സ്വന്തമാക്കി. ക്രിക്കറ്റിന്‍റെ മൂന്നു ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമാണ് ജോസ് ബട്ട്ലര്‍. ഇതിനു പുറമേ അലക്സ് ഹെയ്ല്‍സിനു ശേഷം ടി20 ലോകകപ്പ് മത്സരത്തില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരമാണ് ബട്ട്ലര്‍.