മത്സരം വിജയിപ്പിച്ച മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ടിനെ ഇംഗ്ലണ്ട് താരങ്ങള്‍ സ്വീകരിച്ചത് കയ്യടികളും ആലിംഖനവുമായി

ന്യൂസിലന്‍റിനെതിരെയുള്ള മൂന്നു മത്സരങ്ങളടങ്ങിയ ആദ്യ ടെസ്റ്റ് മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ഇംഗ്ലണ്ട് വിജയിച്ചു. ബെന്‍ സ്റ്റോക്ക്സ് ക്യാപ്റ്റനായും ബ്രണ്ടന്‍ മക്കല്ലം കോച്ചായി എത്തിയ ആദ്യ മത്സരത്തില്‍ തന്നെ പഴയ ക്യാപ്റ്റനായ ജോ റൂട്ടിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനു വിജയമൊരുക്കിയത്. ലോര്‍ഡ്സില്‍ നടന്ന മത്സരത്തില്‍ നാലാം ഇന്നിംഗ്സില്‍ 277 റണ്‍സ് ചേസ് ചെയ്തായിരുന്നു ഇംഗ്ലണ്ടിന്‍റെ വിജയം.

കരിയറിലെ 26ാം ടെസ്റ്റ് സെഞ്ചുറി നേടി ജോ റൂട്ടാണ് ഇംഗ്ലണ്ട് ബാറ്റിംഗിന്‍റെ നെടും തൂണായത്. മത്സരത്തില്‍ 10000 ടെസ്റ്റ് റണ്‍സ് എന്ന നേട്ടവും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ പൂര്‍ത്തിയാക്കി. 69 ന് 4 എന്ന നിലയില്‍ വീണ ഇംഗ്ലണ്ടിനെ ബെന്‍ സ്റ്റോക്ക്സുമായും, ഫോക്സുമായുള്ള കൂട്ടുകെട്ട് ഉയര്‍ത്തിയാണ് ഇംഗ്ലണ്ടിനെ വിജയത്തില്‍ എത്തിച്ചത്.

20220605 165210

മാച്ച് വിന്നിംഗ് ഇന്നിംഗ്സ് പുറത്തെടുത്ത മുന്‍ ക്യപ്റ്റനായ ജോ റൂട്ടിനു വമ്പന്‍ സ്വീകരണമാണ് ഇംഗ്ലണ്ട് താരങ്ങള്‍ നടത്തിയത്. ഇംഗ്ലണ്ട് ടീമിന്‍റെ ഔദ്യോഗിക സമൂഹമാധ്യമത്തിലാണ് വീഡിയോ പങ്കുവച്ചത്. കൈയ്യടിച്ചു സ്വീകരിച്ച ജോ റൂട്ടിനെ സഹതാരങ്ങള്‍ ആലിംഖനം ചെയ്യുന്നത് വീഡിയോയില്‍ കാണാമായിരുന്നു.

പരമ്പരയിലെ രണ്ടാം മത്സരം ജൂണ്‍ 10 ന് നടക്കും. നോട്ടിംഗ്ഹാമിലാണ് മത്സരം ഒരുക്കിയിരിക്കുന്നത്.