ഇംഗ്ലണ്ടിനെ ഇന്നലെ തോൽപ്പിച്ചത് മുംബൈ ഇന്ത്യൻസോ : മൈക്കൽ വോണിന്റെ പരിഹാസത്തിന് വസീം ജാഫറിന്റെ രൂക്ഷ മറുപടി

ആവേശം അവസാന പന്തുവരെ നീണ്ട ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ
ഇംഗ്ലണ്ടിനെ എട്ട് റണ്‍സിന് കീഴടക്കി ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്തി(2-2). ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

എന്നാൽ  മത്സര ശേഷം ഇന്ത്യയെ ട്രോളിയ മുൻ ഇം​ഗ്ലീഷ് നായകൻ മൈക്കൽ  വോണിന്റെ ട്വീറ്റിന്  തകർപ്പൻ മറുപടിയുമായി മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ. ജാഫറിന്റെ ട്വിറ്റെർ പോസ്റ്റാണ് ഇപ്പോൾ ഇന്ത്യൻ ആരാധകർ
ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നത്. പരമ്പരയിലെ നിർണ്ണായക മത്സരത്തിൽ  ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരങ്ങളായ സൂര്യകുമാർ യാദവിന്റെയും ബൗളിങ്ങിൽ ഹാർദിക്  പാണ്ഡ്യയുടെയും അവസാന ഓവറുകളിൽ ഇന്ത്യയെ നയിച്ച രോഹിത് ശർമയുടെയും മികവിൽ ഇന്ത്യ ജയിച്ചുവെന്നാണ് വോൺ അഭിപ്രായപ്പെട്ടത് .

“സൂര്യകുമാർ മുംബൈയുടെ താരം, ഹാർദിക്  പാണ്ഡ്യ മുംബൈയുടെ താരം, അവസാനം ക്യാപ്റ്റനായ രോഹിത് മുംബൈയുടെ താരം എന്നിട്ട് മത്സരത്തിന് പേരോ ഇന്ത്യ-ഇം​ഗ്ലണ്ട് എന്നും എന്നായിരുന്നു  പരിഹാസം കലർത്തിയ വോണിന്റെ ട്വീറ്റ്. ഇതിന് കുറിക്കുകൊള്ളുന്ന മറുപടിയാണ് മുൻ ഇന്ത്യൻ താരമായ ജാഫർ നൽകിയത് .
നിങ്ങൾ പറയുന്നത് നിങ്ങള് തോറ്റത് ഇന്ത്യയുടെ ദേശീയ ടീമിനോടല്ല മറിച്ച്  ഐപിഎല്ലിലെ  കേവലം ഒരു ടീമിനോടാണ് എന്നാണോ എങ്കിൽ താങ്കൾ ട്രോളുന്നത് ഞങ്ങളെയാണോ അതോ താങ്കളുടെ സ്വന്തം  ദേശീയ ടീമിനെയാണോ എന്നായിരുന്നു വസീം ജാഫറിന്റെ മറുപടി ട്വീറ്റ് .

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ബാറ്റിങ്ങിൽ കരുത്തായത് അരങ്ങേറ്റ താരം സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് പ്രകടനമാണ്  .31 പന്തിൽ 57 റൺസടിച്ച താരം മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടി .4 ഓവറിൽ 16 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് എടുത്ത ഹാർദിക് പാണ്ട്യ കരിയറിലെ ഏറ്റവും മികച്ച  ബൗളിംഗ്  സ്പെൽ കാഴ്ചവെച്ചു .


മത്സരത്തിന്റെ അവസാന  ഓവറുകളിൽ പരിക്ക് മൂലം ക്യാപ്റ്റൻ വിരാട് കോലി ഫീൽഡ് വിട്ടപ്പോൾ രോഹിത് ശർമയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് .