ഐപിഎല്ലിൽ ഫ്ലോപ്പ് ലോകകപ്പിൽ ഹീറോ :ഇത് വാർണറുടെ പ്രതികാരം

ക്രിക്കറ്റ്‌ ആരാധകർ എല്ലാം വളരെ ഏറെ ആകാംക്ഷപൂർവ്വം കാത്തിരുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് ഫൈനലിൽ മിന്നും പ്രകടനവുമായി കിരീടം സ്വന്തമാക്കി ശക്തരായ ഓസ്ട്രേലിയ. ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ കിരീടം നേടിയ ഓസീസ് ടീം തങ്ങളെ പരിഹസിച്ചവർക്കുള്ള എല്ലാ മറുപടിയും ഈ പ്രകടനത്തിലൂടെ നൽകി. നേരത്തെ നാട്ടിലും വിദേശത്തും തുടർച്ചയായി ടി :20 പരമ്പരകൾ തോറ്റ ഓസ്ട്രേലിയൻ ടീം പ്രഥമ ടി :20 കിരീടമാണ് ഇന്നലെ 8 വിക്കറ്റിന് കിവീസിന് തോൽപ്പിച്ച് നേടിയത്. മുൻപ് 5 തവണ ഏകദിന ചാമ്പ്യൻമാരായിട്ടുള്ള ഓസ്ട്രേലിയൻ ടീം പുരുഷ, വനിതാ ക്രിക്കറ്റിലെ ഏകദിന, ടി :20, ചാമ്പ്യൻസ് ട്രോഫി കിരീടങ്ങൾ നേടിയ ആദ്യ രാജ്യമായി മാറി.

മോശം ഫോമിന്റെ പേരിൽ ഐപിഎല്ലിൽ നിന്നും അടക്കം അപമാനം സഹിക്കേണ്ടി വന്ന ഡേവിഡ് വാർണർ ഫൈനലിൽ വെറും 38 പന്തുകളിൽ നിന്നും 4 ഫോറും 3 സിക്സും അടിച്ചാണ് 53 റൺസ് നേടിയത്. കൂടാതെ ഫൈനലിലെ റൺസ് അടക്കം ടൂർണമെന്റിലെ പ്ലയെർ ആയി മാറിയ താരം ഒരു ടി :20 ലോകകപ്പിൽ ഏറ്റവും അധികം റൺസ് അടിച്ചെടുത്ത ഓസ്ട്രേലിയൻ ബാറ്റ്‌സ്മാനെന്ന നേട്ടം കൂടി കരസ്ഥമാക്കി. എന്നാൽ ഇത്തവണ ഐപിഎല്ലിൽ മോശം ബാറ്റിങ് ഫോമിനെ തുടർന്ന് ഐപിൽ ക്ലബ്ബായ ഹൈദരാബാദ് ടീമിൽ നിന്നും പുറത്താക്കപെട്ട താരവും കൂടിയാണ്. ഒരുവേള ഓസ്ട്രേലിയൻ ടീം ലോകകപ്പ് സ്‌ക്വാഡിൽ നിന്നും ഡേവിഡ് വാർണറെ പുറത്താക്കണമെന്നൊരു ആവശ്യം കൂടി ഉയർന്നിരുന്നു.

അതേസമയം എല്ലാ വിമർശനങ്ങൾക്കും മറുപടി ബാറ്റ് കൊണ്ട് നൽകിയ താരം മൂന്ന് നിർണായക അർദ്ധ സെഞ്ച്വറികൾ ഈ ലോകകപ്പിൽ നേടിയിരുന്നു. ഈ ലോകകപ്പിൾ ആകെ കളിച്ച 7 കളികളിൽ നിന്നായി 289 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഹൈദരാബാദ് ടീം മോശം ഫോമിന്റെ മാത്രം പേരിൽ പ്ലെയിങ് ഇലവനിൽ നിന്നും ക്യാപ്റ്റൻസി റോളിൽ നിന്നും ഒഴിവാക്കിയ താരം ടീമിന്റെ കളി കാണുവാൻ ഒരു കാണിയായി മിക്ക മത്സരങ്ങളും നടന്ന സ്റ്റേഡിയത്തിലേക്ക് എത്തിയത് ദുഃഖ കാഴ്ചകളിലൊന്നായി മാറിയിരുന്നു.