വീണ്ടും ബാംഗ്ലൂർ ക്യാമ്പിൽ കോവിഡ് ആശങ്ക : സൂപ്പർ താരത്തിനും കോവിഡ് സ്ഥിതീകരിച്ചു

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾക്ക് ആരംഭം കുറിക്കുവാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ വീണ്ടും വമ്പൻ ഭീഷണി ഉയർത്തി  താരങ്ങൾക്കിടയിലെ കോവിഡ് വ്യാപനം . കന്നി ഐപിൽ കിരീടത്തിനായി തയ്യാറെടുക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വീണ്ടും  തിരിച്ചടി  നൽകി ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഡാനിയേല്‍ സാംസാണ് പുതുതായി കൊവിഡ് പോസിറ്റീവായത്. 
ഇന്ന്  താരങ്ങൾക്കായി നടത്തിയ രണ്ടാം കോവിഡ്  പരിശോധനയിലാണ്   ഓസീസ് താരത്തിന് കോവിഡ്  വൈറസ് ബാധ കണ്ടെത്തിയതെന്ന് ഫ്രാഞ്ചൈസി ട്വിറ്ററില്‍ അറിയിച്ചു. 

നേരത്തെ  ബാംഗ്ലൂർ ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കല്‍ കൊവിഡ് പോസിറ്റീവായിരുന്നു. ബെംഗളൂരുവിലെ വീട്ടില്‍ പൂർണ്ണമായ  ക്വാറന്‍റീനിലായിരുന്ന താരം എന്നാല്‍ ഇപ്പോള്‍ നെഗറ്റീവായിട്ടുണ്ട്. പടിക്കല്‍ ആര്‍സിബി പരിശീലന ക്യാംപിൽ വീണ്ടും ചേർന്നിട്ടുണ്ട് .ഇപ്പോൾ കൊറോണ ബാധിതനായ സാം പ്രകടമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നില്ല .
താരത്തെ ടീം മാനേജ്‌മന്റ്  പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷനിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത് .ബിസിസിഐ പ്രോട്ടോക്കോള്‍ അനുസരിച്ച് ആര്‍സിബി മെഡിക്കല്‍ സംഘം സാംസിനെ മുഴുവൻ സമയവും നിരീക്ഷിക്കുന്നുണ്ട് .

നേരത്തെ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ടീമിലെ ഓപ്പണർ നിതീഷ് റാണ ,ഡൽഹി ക്യാപിറ്റൽസ് സ്റ്റാർ ആൾറൗണ്ടർ അക്ഷർ പട്ടേൽ എന്നിവർക്കും കോവിഡ് സ്ഥിതീകരിച്ചിരുന്നു .താരങ്ങൾക്കടയിൽ രോഗബാധ വർധിക്കുന്നത് ഐപിൽ  ലീഗിലെ ഫ്രാഞ്ചൈസികളെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട് .എന്നാൽ സ്ഥിതിഗതികൾ എല്ലാം നിയന്ത്രണ വിധേയമാണെന്നാണ് ബിസിസിഐ അറിയിക്കുന്നത് .