സച്ചിനോ ഗാംഗുലിയോ ഗംഭീറോ? ഇഷ്ട പങ്കാളിയെ തിരഞ്ഞെടുത്ത് വിരേന്ദർ സേവാഗ്.

SEHWAG

ലോക ക്രിക്കറ്റിൽ തന്നെ വെടിക്കെട്ട് ബാറ്റർമാരിൽ ഒരാളാണ് വീരേന്ദർ സേവാഗ്. തന്റെ കരിയറിൽ വമ്പൻ ഷോട്ടുകൾ കൊണ്ട് എല്ലാത്തരം ബോളർമാരെയും ഞെട്ടിക്കാൻ സേവാഗിന് കഴിഞ്ഞിട്ടുണ്ട്. ആദ്യ പന്ത് മുതൽ ബൗണ്ടറിയ്ക്കായി പൊരുതുക എന്നതായിരുന്നു സേവാഗിന്റെ മത്സര ശൈലി.

ലോക ക്രിക്കറ്റിനെ വിറപ്പിച്ച എല്ലാ ബോളർമാരുടെയും വലിയ പേടിസ്വപ്നം തന്നെയാവാൻ സേവാഗിന് സാധിച്ചു. സ്പിന്നിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ പോലും, സേവാഗിനെതിരെ പന്തറിയുന്നത് പ്രയാസകരമാണ് എന്ന് വെളിപ്പെടുത്തുകയുണ്ടായി. ഇന്ത്യൻ ടീമിൽ സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി,  ഗൗതം ഗംഭീർ എന്നിവരെല്ലാം സേവാഗിന്റെ ഓപ്പണിങ് പാർട്ണർമാർ ആയിട്ടുണ്ട്. എന്നാൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഓപ്പണിങ് പങ്കാളിയെ വെളിപ്പെടുത്തിരിക്കുകയാണ് സേവാഗ്.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പങ്കാളി ഗാംഗുലിയോ ഗംഭീറോ അല്ല എന്ന് സേവാഗ് പറയുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് സച്ചിൻ ടെണ്ടുൽക്കരോടൊപ്പം ബാറ്റ് ചെയ്യുന്നതാണ് എന്നാണ് സേവാഗ് പറഞ്ഞത്. താൻ ഏറ്റവുമധികം ആസ്വദിച്ചിട്ടുള്ളത് സച്ചിനോടൊപ്പം ബാറ്റ് ചെയ്യുന്ന നിമിഷങ്ങളാണ് എന്ന് സേവാഗ് പറഞ്ഞു. സച്ചിന്റെ അവിസ്മരണീയമായ ബാറ്റിംഗ് പ്രകടനത്തെ ഒരു അത്ഭുതത്തോടെയാണ് താൻ നോക്കി നിന്നിട്ടുള്ളത് എന്ന് സേവാഗ് തുറന്നു പറഞ്ഞിട്ടുണ്ട്.

അതേസമയം ഗാംഗുലിയോടും ഗംഭീറിനോടും ഒപ്പമുള്ള കൂട്ടുകെട്ടുകളും താൻ ആസ്വദിച്ചിരുന്നു എന്ന് സേവാഗ് പറയുന്നു. പക്ഷേ സച്ചിനൊപ്പം മൈതാനത്ത് എത്തുമ്പോൾ പ്രത്യേകമായ ഒരു ആത്മവിശ്വാസം തനിക്കുണ്ടാവാറുണ്ട് എന്ന് സേവാഗ് കൂട്ടിച്ചേർത്തു.

Read Also -  ജസ്‌പ്രീത് ബുംറ × സഹീർ ഖാൻ. ടെസ്റ്റ്‌ ക്രിക്കറ്റിലെ കണക്കുകളിൽ ആരാണ് മികച്ചത്?

ഇന്ത്യയുടെ ഓപ്പണർമാരായി സച്ചിൻ ടെണ്ടുൽക്കറും സൗരവ് ഗാംഗുലിയും തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു സേവാഗ് ഇന്ത്യയുടെ ടീമിലേക്ക് എത്തിയത്. തുടക്കത്തിൽ ഒരു മധ്യനിര ബാറ്ററായാണ് സേവാഗ് കളിച്ചിരുന്നത്. ശേഷം സേവാഗിനെ എക്കാലത്തെയും മികച്ച ഓപ്പണായി മാറാൻ സഹായിച്ചത് ഗാംഗുലിയുടെ ചില തീരുമാനങ്ങൾ ആയിരുന്നു.

ഓപ്പണിങ്ങിൽ അങ്ങേയറ്റം മികവ് പുലർത്തിയ താരമാണ് ഗാംഗുലി. എന്നാൽ സേവാഗിനായി തന്റെ ഇഷ്ടസ്ഥാനം വിട്ടുനൽകാൻ ഗാംഗുലി തയ്യാറായി. ഇത് സേവാഗിന്റെ കരിയർ തന്നെ മാറ്റിമറിക്കുകയായിരുന്നു. പിന്നീട് ക്രിക്കറ്റ് ലോകത്തെ അങ്ങേയറ്റം ഞെട്ടിച്ച ഒരു ഓപ്പണിംഗ് കൂട്ടുകെട്ടായി സച്ചിൻ- സേവാഗ് സഖ്യം മാറി.

93 ഇന്നിസുകളിൽ സച്ചിനും സേവാഗും ഒരുമിച്ച് ഓപ്പൺ ചെയ്തിട്ടുണ്ട്. 3919 റൺസ് ആണ് ഇരുവരുടെയും കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് ലഭിച്ചത്. 42.13 എന്ന വമ്പൻ ശരാശരി ആയിരുന്നു ഈ കൂട്ടുകെട്ടിന്റെ മറ്റൊരു ശക്തി. 12 സെഞ്ചുറി കൂട്ടുകെട്ടുകളാണ് സച്ചിനും സേവാഗും ചേർന്ന് കെട്ടിപ്പടുത്തിട്ടുള്ളത്. സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശേഷവും സേവാഗ് തുടരുകയുണ്ടായി. പിന്നീട് സേവാഗിന്റെ ഓപ്പണിങ് പങ്കാളി ഗൗതം ഗംഭീർ ആയിരുന്നു. ഈ കൂട്ടുകെട്ടും ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വലിയ രീതിയിൽ ശ്രദ്ധ നേടുകയുണ്ടായി.

Scroll to Top