രോഹിതിന് പിന്നാലെ കോഹ്ലിയും വിരമിക്കുന്നു. തീരുമാനം ബിസിസിഐയെ അറിയിച്ചു.

രോഹിത് ശർമയ്ക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങി ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലിയും. താൻ ഉടൻതന്നെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുമെന്ന കാര്യം ബിസിസിഐയെ കോഹ്ലി ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് 2 ദിവസങ്ങൾക്ക് ശേഷമാണ് രോഹിത്തിന്റെ വിരമിക്കലിനെ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. ജൂൺ 20ന് ആരംഭിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമാവും വിരാട് കോഹ്ലി തന്റെ വിരമിക്കൽ പ്രഖ്യാപിക്കുക.

പ്രമുഖ വാർത്താമാധ്യമമായ ഇന്ത്യൻ എക്സ്പ്രസാണ് ഇതേ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നത്. ഇതിനോടകം തന്നെ ഇക്കാര്യം ബിസിസിസിഐയോട് കോഹ്ലി സംസാരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ തീരുമാനത്തിൽ പുനർചിന്ത ആവശ്യമാണ് എന്ന് ബിസിസിയെയും സെലക്ടർമാരും കോഹ്ലിയെ അറിയിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. പക്ഷേ അതേ സംബന്ധിച്ച് ഇതുവരെയും കോഹ്ലി തീരുമാനങ്ങൾ കൈകൊണ്ടിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ കൂട്ടിച്ചേർക്കുന്നത്. എന്തായാലും രോഹിത് ശർമയോടൊപ്പം വിരാട് കോഹ്ലിയും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചാൽ ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ സംബന്ധിച്ച് അതൊരു കനത്ത തിരിച്ചടി തന്നെയായിരിക്കും.

“കോഹ്ലി ഇതിനോടകം തന്റെ തീരുമാനങ്ങൾ എടുത്തു കഴിഞ്ഞു. ഇതിന് ശേഷം കോഹ്ലി ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. താൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ പോവുകയാണ് എന്ന് ഇതിനോടകം തന്നെ ബിസിസിഐയോട് തുറന്നുപറയാൻ കോഹ്ലിയ്ക്ക് സാധിച്ചു. ഈ തീരുമാനം പുനർചിന്തയ്ക്ക് വിധേയമാക്കണം എന്നാണ് ബിസിസിഐ കോഹ്ലിയോട് ആവശ്യപ്പെട്ടത്. ഇംഗ്ലണ്ട് പര്യടനമടക്കം വലിയ മത്സരങ്ങൾ വരാനിരിക്കുന്ന സാഹചര്യത്തിൽ കോഹ്ലിയുടെ സാന്നിധ്യത്തെ സംബന്ധിച്ച് ബിസിസിഐയ്ക്ക് സംശയങ്ങളുണ്ട്. എന്നാൽ ബിസിസിഐയുടെ ഈ നിർദ്ദേശം കോഹ്ലി ഇതുവരെയും അനുസരിക്കാൻ തയ്യാറായിട്ടില്ല.”- ഒരു പ്രമുഖ വാർത്ത മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

സമീപകാലത്ത് ടെസ്റ്റ് മത്സരങ്ങളിൽ നടത്തിയ മോശം പ്രകടനങ്ങളാണ് വിരാട് കോഹ്ലിയുടെ ഇത്തരത്തിലുള്ള തീരുമാനത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക വിവരങ്ങൾ. കഴിഞ്ഞ 9 ടെസ്റ്റ് ഇന്നിംഗ്സുകളിൽ നിന്ന് കേവലം 190 റൺസ് മാത്രമായിരുന്നു കോഹ്ലിയ്ക്ക് സ്വന്തമാക്കാൻ സാധിച്ചത്. 23.75 എന്ന വളരെ കുറഞ്ഞ ശരാശരിയിലാണ് കോഹ്ലി സമീപകാലത്ത് ടെസ്റ്റ്‌ മത്സരങ്ങളിൽ കളിച്ചിട്ടുള്ളത്. മാത്രമല്ല ഓഫ് സ്റ്റമ്പിന് പുറത്തുവരുന്ന പന്തുകളെ തന്റെ പ്രതാപകാല ഫോമിൽ നേരിടാനും കോഹ്ലിയ്ക്ക് സാധിക്കുന്നില്ല. ഇത്തരത്തിൽ ആയിരുന്നു കഴിഞ്ഞ 9 ഇന്നിങ്സുകളിൽ 8 തവണയും കോഹ്ലി പുറത്തായത്. ഇതൊക്കെയും കോഹ്ലിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തൽ.