ടോസ്സിൽ ഭാഗ്യമില്ല പക്ഷേ ഇംഗ്ലണ്ടിനെതിരെ മറ്റൊരു റെക്കോർഡ് സ്വന്തം. ഒപ്പം നാണക്കേടും

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ നായകൻ എന്നൊരു വിശേഷണത്തിലേക്ക്‌ ഏറെ ആവേശത്തോടെ കടക്കുന്ന താരമാണ് വിരാട് കോഹ്ലി. നായകനായി ഇതുവരെ ഐസിസി കിരീടങ്ങൾ ഒന്നും തന്നെ നേടുവാൻ കഴിഞ്ഞിട്ടില്ല എങ്കിലും വിരാട് കോഹ്ലി വീണ്ടും ക്യാപ്റ്റൻസി റെക്കോർഡ് തിരുത്തികുറിക്കുകയാണ്. ഇംഗ്ലണ്ടിന് എതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ടീം ഇന്ത്യയെ നയിച്ചതോടെ കോഹ്ലി തന്റെ കരിയറിൽ മറ്റൊരു ക്യാപ്റ്റൻസി നേട്ടം സ്വന്തമാക്കി കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ തവണ ഇന്ത്യൻ ടീമിനെ നയിച്ച നായകൻ എന്നൊരു നേട്ടമാണ് കോഹ്ലിക്ക് സ്വന്തം പേരിൽ കുറിക്കുവാൻ സാധിച്ചത്.

മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ നയിക്കുവാൻ അവസരം ലഭിച്ച വിരാട് കോഹ്ലി ഇംഗ്ലണ്ടിന് എതിരായ 15ആം ടെസ്റ്റിലാണ് ഇന്ത്യയെ നയിക്കുന്നത്. മുൻപ് പതിനാല് തവണ ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ക്യാപ്റ്റനായി എത്തിയിട്ടുള്ള മുൻ ഇതിഹാസ നായകൻ സുനിൽ ഗവാസ്ക്കർ, മുൻ ഇംഗ്ലണ്ട് ടീം നായകൻ അലിസ്റ്റർ കുക്ക് എന്നിവരുടെ നേട്ടമാണ് കോഹ്ലിക്ക് മുൻപിൽ വീണ്ടും തകർന്നത്

അതേസമയം മത്സരത്തിൽ മറ്റൊരു നാണക്കേടിന്റെ റെക്കോർഡും കോഹ്ലി കരസ്ഥമാക്കി. മത്സരത്തിൽ ടോസ് നഷ്ടമായ കോഹ്ലിക്ക്‌ തുടർച്ചയായ ഏഴാം ടെസ്റ്റിലാണ് ഇംഗ്ലണ്ടിൽ ടോസ് ഭാഗ്യം ലഭിക്കാതെ പോയത്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റ്‌ ചരിത്രത്തിൽ നായകനായിട്ടുള്ള മത്സരങ്ങളിൽ ഇത് മുപ്പത്തിയഞ്ചാം തവണയാണ് വിരാട് കോഹ്ലിക്ക് ടോസ് ലഭിക്കാതെ പോകുന്നത്. ഇതും മറ്റൊരു അപൂർവ്വ റെക്കോർഡാണ്. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയാണ് ഈ ലിസ്റ്റിൽ ഇതുവരെ 34 തവണ ടോസ് നഷ്ടമായി ഒന്നാമതുണ്ടായിരുന്നത്.

ആദ്യ ദിനം പക്ഷേ ബൗളിങ്ങിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ പുറത്തെടുത്ത മികവ് നായകൻ കോഹ്ലിക്ക് ഏറെ സന്തോഷം നൽകുന്നതാണ്. ജസ്‌പ്രീത് ബുംറ നാലും മുഹമ്മദ് ഷമി മൂന്നും താക്കൂർ രണ്ടും ഒപ്പം സിറാജ് ഒരു വിക്കറ്റ് വീഴ്ത്തിയാണ് ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് സ്കോർ 183ൽ ഒതുക്കിയത്