വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം. അവസാന ഓവറില്‍ 15 റണ്‍ വേണമെന്നിരിക്കെ മുഹമ്മദ് സിറാജ് ഭംഗിയായി അവസാന ഓവര്‍ എറിഞ്ഞതോടെ ഇന്ത്യ 3 റണ്ണിന്‍റെ വിജയം നേടി. മത്സരത്തില്‍ അവസാന നിമിഷം സഞ്ചു സാംസണിന്‍റെ വിക്കറ്റ് കീപ്പിങ്ങും ഏറെ നിര്‍ണായകമായിരുന്നു.
മുഹമ്മദ് സിറാജ് എറിഞ്ഞ വൈഡ് ബൗണ്ടറി പോവുമെന്ന് തോന്നിച്ചെങ്കിലും, വിക്കറ്റിനു പുറകില്‍ നിന്ന സഞ്ചു സാംസണ്‍ ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. 1 റണ്‍ മാത്രമാണ് ബൈയിലൂടെ ലഭിച്ചത്. ഇത് ഫോര്‍ പോയിരുന്നെങ്കില്‍ രണ്ട് പന്തില്‍ രണ്ട് എന്ന വിജയലക്ഷ്യത്തില്‍ എത്തിച്ചേനേ.
സഞ്ചു സാംസണിന്‍റെ വിക്കറ്റ് കീപ്പിങ്ങ് നിര്‍ണായകമായിരുന്നു എന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറഞ്ഞിരുന്നു. ”സഞ്ജു സാംസണിന്റെ രക്ഷപ്പെടുത്തലായിരുന്നു മത്സരത്തിലെ പ്രധാന വ്യത്യാസം. നൂറ് ശതമാനം ബൗണ്ടറിയെന്ന് ഉറപ്പിച്ചിരുന്നു. മാത്രമല്ല, പന്ത് ഫോറായിരുന്നെങ്കില്‍ മത്സരം വിന്‍ഡീസ് സ്വന്തമാക്കുമായിരുന്നു. ” ആകാശ് ചോപ്ര കുറിച്ചു. ഇപ്പോഴിതാ സഞ്ചുവിന്‍റെ കീപ്പിങ്ങിനെ പറ്റി പ്രശംസിച്ച് എത്തിയിരിക്കുകയാണ് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
ഫേസ്ബുക്കിലാണ് ശിവന്‍കുട്ടി അഭിപ്രായം വ്യക്തമാക്കിയത്. ‘സഞ്ജുവിന്റെ സേവ് = ഇന്ത്യയുടെ വിജയം’ എന്നെഴുതിയ കാര്‍ഡ് പങ്കുവച്ചാണ് അദ്ദേഹം തന്‍റെ പ്രശംസ അറിയിച്ചത്. ”ഒന്നാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനും വിജയത്തിനുമിടയില്‍ ഇന്ത്യയുടെ കാവലാളായത് നമ്മുടെ സഞ്ജു സാംസണ്‍.” എന്ന കുറിപ്പോടെയാണ് പങ്കുവച്ചത്.