ആ സംഭവശേഷം ഓസ്‌ട്രേലിയൻ സൂപ്പർ താരം എന്നോട് മൂന്ന് വർഷം മിണ്ടിയില്ല :ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച്‌ ഉത്തപ്പയുടെ വെളിപ്പെടുത്തൽ

ഒരു നീണ്ട കാലയളവിൽ ലിമിറ്റഡ് ഓവർ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രധാനപ്പെട്ട താരങ്ങളിലൊരാളായിരുന്നു മറുനാടൻ മലയാളി താരം റോബിൻ ഉത്തപ്പ .ഏറെ കാലം ഇന്ത്യൻ ടീമിലെ മധ്യനിരയിൽ ബാറ്റേന്തിയ താരം ഇപ്പോൾ ഇന്ത്യൻ ടീമിന് പുറത്താണ് .ഇത്തവണത്തെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലിടം നേടിയ ഉത്തപ്പക്ക് പക്ഷേ ഒരു മത്സരത്തിലും പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചില്ല .2007ലെ പ്രഥമ ടി:20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും ഉത്തപ്പയുണ്ടായിരുന്നു .

എന്നാൽ ഇപ്പോൾ താരം നടത്തിയ പുതിയ വെളിപ്പെടുത്തലാണ് ക്രിക്കറ്റ് ലോകത്തേറെ ചർച്ചയാവുന്നത് .2007ലെ പരമ്പരക്കിടയിൽ  ഓസീസ് ക്രിക്കറ്റ്  ടീമിലെ ഇതിഹാസ ഓപ്പണർ മാത്യു  ഹെയ്ഡനുമായി താൻ ഏർപ്പെട്ട തർക്കത്തെ കുറിച്ചാണിപ്പോൾ ഉത്തപ്പ വാചാലനായത് .2007ല്‍ താനും മാത്യൂ ഹെയ്ഡനും തമ്മിലുണ്ടായ സ്ലെഡ്ജിംഗ് സംഭവത്തിന് ശേഷം താരം തന്നോട് മൂന്ന് വര്‍ഷത്തോളം സംസാരിച്ചിട്ടില്ല എന്നാണ് മുൻ ഇന്ത്യൻ ഓപ്പണർ  അഭിമുഖത്തിൽ  തുറന്ന് പറഞ്ഞത് .ആ തർക്കം തന്റെ മനസ്സിനെ ഏറെ വേദനിപ്പിച്ചു എന്നും ഉത്തപ്പ തുറന്ന് സമ്മതിച്ചു .

റോബിൻ ഉത്തപ്പയുടെ വാക്കുകൾ ഇപ്രകാരമാണ് ” അന്ന് ഹെയ്‌ഡനുമായി ആ തർക്കം വളരെ മോശമായി എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .   ഡർബനിൽ നിന്ന് തുടങ്ങിയ ആ വലിയ വാക്‌പോര് പിന്നീട് ഏറെ നീണ്ടുപോയി  എന്നതാണ് സത്യം .എന്നെ ജീവിതത്തിൽ ഏറെ പ്രചോദിപ്പിച്ച താരമാണ് മാത്യു  ഹെയ്ഡൻ. പക്ഷേ അദ്ദേഹവുമായുള്ള തർക്കം ഏറെ  പ്രയാസകരമായിരുന്നു . മത്സരം ഇന്ത്യൻ ജയിച്ചെങ്കിലും ആ വാക്‌പോരും തുടർന്ന് അദ്ദേഹത്തിന്റെ പിണക്കവും എല്ലാം എന്നെ വേദനിപ്പിച്ചു ” ഉത്തപ്പ അഭിപ്രായം വിശദമാക്കി .