സ്റ്റംപുകള്‍ പറക്കുന്നു. ഉമ്രാന്‍ മാലിക്കിന്‍റെ വേഗതയേറിയ പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനവാതെ ഗുജറാത്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മെഗാ ലേലത്തിനു മുന്നോടിയായി സണ്‍ റൈസേഴ്സ് ഹൈദരബാദ് ടീം നിലനിര്‍ത്തിയ താരങ്ങളില്‍ ഒരാളായിരുന്നു ജമ്മു കാശ്മീര്‍ താരം ഉമ്രാന്‍ മാലിക്ക്. ടൂര്‍ണമെന്‍റിനു മുന്നോടിയായി വേഗത കണ്ടു കൊണ്ട് മാത്രം എന്തിനു നിലനിര്‍ത്തി എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ അതിനുള്ള മറുപടി സ്റ്റംപുകള്‍ ഒടിച്ചു നല്‍കുകയാണ് ഉമ്രാന്‍ മാലിക്ക്.

സണ്‍റൈസേഴ്സ് ഹൈദരബാദ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനു മികച്ച തുടക്കമാണ് ലഭിച്ചത്. എട്ടാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കി ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് വീണ 4 വിക്കറ്റുകളും ഉമ്രാന്‍ മാലിക്ക് തന്നെയാണ് എടുത്തത്. ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ ഒഴികെ സാഹ, ഗില്‍, ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍ എന്നിവരെ ബോള്‍ഡാക്കിയത് മനോഹര കാഴ്ച്ചയായിരുന്നു.

21194bdc 8747 4eac a605 3e5bf13e977a

സാഹയെ പുറത്താക്കാന്‍ 153 കി.മീ വേഗതയിലുള്ള യോര്‍ക്കറാണ് എറിഞ്ഞത്. തന്‍റെ അവസാന ഓവറിലെ അവസാന രണ്ട് പന്തില്‍ വിക്കറ്റ് വീഴ്ത്തിയാണ് ഉമ്രാന്‍ മാലിക്ക് നിര്‍ത്തിയത്. 4 ഓവറില്‍ 25 റണ്‍സ് വഴങ്ങിയാണ് താരം 5 വിക്കറ്റ് നേടിയത്.

ഒരു ഹൈദരബാദ് താരത്തിന്‍റെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനം കൂടിയാണ് ഇത്. 2017 ല്‍ ഭുവനേശ്വര്‍ കുമാര്‍ പഞ്ചാബ് കിംഗ്സിനെതിരെ താരം 18 റണ്‍സ് വഴങ്ങി 5 വിക്കറ്റ് നേടിയിരിന്നു. ഈ മത്സരത്തോടെ തുടര്‍ച്ചയായ എട്ടാം മത്സരത്തിലാണ് ഏറ്റവും വേഗതയേറിയ പന്തിനുള്ള അവാര്‍ഡ് ഉമ്രാന്‍ മാലിക്ക് നേടുന്നത്.