ഞങ്ങളുടെ ഡോണിനെ രാഹുലിന് പകരമായി ഇറക്കണം, ട്വിറ്ററിൽ തരംഗമായി സഞ്ജു ക്യാമ്പയിൻ.

20-20 ലോകകപ്പിൻ്റെ ആവേശം ലോകമെമ്പാടും അലയടിക്കുകയാണ്. കഴിഞ്ഞ ലോകകപ്പുകളിൽ നിന്നും വ്യത്യസ്തമായി വളരെയധികം ആവേശം നിറഞ്ഞ മത്സരങ്ങളാണ് ഇത്തവണ നടക്കുന്നത്. അതേസമയം ഇന്നലെ ട്വിറ്ററിൽ ട്രെൻഡിങ് ആയത് ലോകകപ്പ് കളിക്കുന്ന ടീമുകളോ താരങ്ങളോ ആയിരുന്നില്ല. മറിച്ച് മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ ആയിരുന്നു.


നിലവിൽ കേരളത്തിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയാണ് താരം. ലോകകപ്പിൽ ഓപ്പണർ ആയ രാഹുൽ മൂന്നാം മത്സരത്തിലും രണ്ടക്കം കാണാതെ പുറത്തായതോടെയാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ആരാധകർ വീണ്ടും ഉന്നയിച്ചു തുടങ്ങിയത്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ നാല് റൺസിന് പുറത്തായ രാഹുൽ, നെതർലാൻഡ്സിനെതിരെ 9 റൺസിനായിരുന്നു പുറത്തായത്. ഇന്നലെ സൗത്ത് ആഫ്രിക്കക്കെതിരെയും താരം നേടിയത് 9 റൺസ് ആണ്.തുടക്കത്തിൽ തന്നെ പന്തുകൾ നഷ്ടമാക്കി വിട്ടുകളയുമ്പോൾ ഇന്ത്യയുടെ മറ്റ് ബാറ്റ്സ്മാൻമാർക്ക് സമ്മർദ്ദം കൂടുകയാണെന്നതിലാണ് ഏറ്റവും കൂടുതൽ വിമർശനം ഉയരുന്നത്. രാഹുൽ മികച്ച പ്രകടനം പുറത്തെടുക്കും എന്ന വിശ്വസിച്ച ടീമിൽ ഉൾപ്പെടുത്തിയതിനാൽ മറ്റ് ഓപ്പണിങ് താരങ്ങളെ ആരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. രാഹുൽ മോശം ഫോമിൽ ആയതിനാൽ ഇന്ത്യയ്ക്ക് ഇതുവരെയും മികച്ച ഒരു തുടക്കം ഒരു മത്സരത്തിലും ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് സഞ്ജുവിനെ ടീമിൽ എടുക്കണം എന്ന് ആരാധകർ വീണ്ടും ഉന്നയിക്കുന്നത്.


ലോകകപ്പിന് തൊട്ടുമുമ്പായി നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പാരമ്പരയിൽ മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കെതിരെ കളിച്ച മൂന്നു മത്സരങ്ങളിൽ ഒരു തവണ പോലും സഞ്ജുവിനെ പുറത്താക്കാൻ സൗത്ത് ആഫ്രിക്കൻ ബൗളർമാർ സാധിച്ചിട്ടില്ല. സൗത്താഫ്രിക്കെതിരെ അവരുടെ നാട്ടിൽ വച്ച് നടന്ന ട്വൻ്റി 20 പരമ്പരയിലും ഈ മലയാളി താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല. സഞ്ജുവിനെ മാത്രമല്ല ഇഷാൻ കിഷനെയും ടീമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യമുയരുന്നുണ്ട്.