നിർഭാഗ്യം കൊണ്ട് മാത്രം ഇന്ത്യൻ ടെസ്റ്റ്‌ ടീമിൽ നിന്ന് പുറത്തായ 5 താരങ്ങൾ ഇവർ.

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള 18 അംഗ സ്ക്വാഡിനെ പ്രഖ്യാപിക്കുകയുണ്ടായി. ഒരുപാട് യുവതാരങ്ങളും അനുഭവസമ്പത്തുള്ള താരങ്ങളും ചേർന്ന ഒരു കോംബോയാണ് ഇത്തവണ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കായി സെലക്ടർമാർ തിരഞ്ഞെടുത്തിരിക്കുന്നത്.

എന്നാൽ ചില താരങ്ങൾക്ക് നിർഭാഗ്യം കൊണ്ട് മാത്രം സ്ക്വാഡിൽ ഇടംപിടിക്കാൻ സാധിക്കാതെ വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള 5 താരങ്ങൾ ആരൊക്കെയാണ് എന്ന് പരിശോധിക്കാം.

  1. ഹർഷിത് റാണ

തന്റെ അന്താരാഷ്ട്ര ടെസ്റ്റ് കരിയറിന് അത്യുഗ്രൻ തുടക്കം തന്നെയായിരുന്നു ഹർഷിത് റാണയ്ക്ക് ലഭിച്ചിരുന്നത്. ഓസ്ട്രേലിയക്കെതിരായ ബോർഡർ – ഗവാസ്കർ ട്രോഫിയിൽ മികച്ച രീതിയിൽ പന്തറിയാനും ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുക്കാനും റാണയ്ക്ക് സാധിച്ചു. എന്നാൽ ഇതിന് ശേഷം റാണയെ ഇപ്പോൾ ഇന്ത്യ ഒഴിവാക്കിയിരിക്കുകയാണ്. ഈ താരത്തെ സംബന്ധിച്ച് വളരെ നിർഭാഗ്യകരമായ ഒരു കാര്യം തന്നെയാണ് ഇത്.

  1. മുഹമ്മദ് ഷമി

മുൻപ് ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളായിരുന്നു മുഹമ്മദ് ഷമി. വിദേശ പിച്ചുകളിൽ കൃത്യമായി ബാറ്റർമാരെ കുഴയ്ക്കാനുള്ള തന്ത്രങ്ങൾ ഷമിയുടെ കൈവശം ഉണ്ടായിരുന്നു. എന്നാൽ സമീപകാലത്ത് പരിക്കിന്റെ പിടിയിലായ ഷമി ഇപ്പോഴും തന്റെ പ്രതാപകാല ഫോമിലേക്ക് തിരികെ എത്തിയിട്ടില്ല. വളരെ കാലത്തെ പരിക്കിന് ശേഷം ഷമിയ്ക്ക് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിൽ അവസരം നൽകിയിരുന്നു. എന്നാൽ ഫോം വീണ്ടെടുത്ത് മികവ് പുലർത്താൻ താരത്തിന് കഴിഞ്ഞില്ല.

  1. സർഫറാസ് ഖാൻ

തന്റെ ടെസ്റ്റ് കരിയറിന് അത്യുഗ്രൻ തുടക്കം ലഭിച്ച മറ്റൊരു താരമാണ് സർഫറാസ് ഖാൻ. ഏറെക്കാലം ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ശേഷമായിരുന്നു സർഫറാസിന് ദേശീയ ടീമിലേക്ക് വിളിയെത്തിയത്. മികച്ച തുടക്കം ലഭിച്ചെങ്കിലും വേണ്ട രീതിയിൽ അവസരങ്ങൾ പിന്നീട് താരത്തിന് ലഭിച്ചില്ല. 2024-25ലെ ഇന്ത്യയുടെ ബോർഡർ- ഗവാസ്കർ ട്രോഫിയിൽ മികവ് പുലർത്താനുള്ള അവസരം ഇന്ത്യ സർഫറാസിന് നൽകിയിരുന്നില്ല. ഇതിന് പിന്നാലെ ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ പര്യടനത്തിൽ നിന്നും സർഫറാസിനെ മാറ്റിനിർത്തുകയാണ് ഉണ്ടായത്.

  1. ശ്രേയസ് അയ്യർ

സമീപകാലത്ത് ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ അങ്ങേയറ്റം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച താരമാണ് ശ്രേയസ് അയ്യർ. കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ ബാറ്റ് കൊണ്ട് അത്ഭുതങ്ങൾ കാട്ടാൻ ശ്രേയസ് അയ്യർക്ക് സാധിച്ചിരുന്നു. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സ് ടീമിനായി മികവ് പുലർത്താനും താരത്തിന് സാധിക്കുന്നുണ്ട്. നായകനെന്ന നിലയിൽ പഞ്ചാബിനെ ഇതിനോടകം പ്ലേയോഫിൽ എത്തിക്കാനും അയ്യർക്ക് കഴിഞ്ഞു. എന്നാൽ ഇതൊക്കെ മുന്നിൽ നിൽക്കുമ്പോഴും അയ്യരെ ഇംഗ്ലണ്ടിനെതീരായ പര്യടനത്തിൽ നിന്നും മാറ്റിനിർത്തുകയാണ് ഉണ്ടായത്.

  1. അക്സർ പട്ടേൽ

സമീപകാലത്ത് ഇന്ത്യക്കായി എല്ലാതരം ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് അക്ഷർ പട്ടേൽ. കൃത്യമായ രീതിയിൽ ബോളിങ്ങിലും ബാറ്റിങ്ങിലും മികവ് പുലർത്തി ഇന്ത്യൻ ടീമിന് ബാലൻസ് നൽകുന്നതിൽ അക്ഷർ പട്ടേൽ വലിയ പങ്കുതന്നെ വഹിച്ചിരുന്നു. പക്ഷേ ഈ പ്രകടനങ്ങളൊക്കെ മറന്ന് അക്ഷറിനെ ഇന്ത്യ ഒഴിവാക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.