ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ മിന്നുന്ന ബാറ്റിംഗ് പ്രകടനമായിരുന്നു യുവതാരം തിലക് വർമ കാഴ്ചവച്ചത്. മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചത് തിലക് വർമയുടെ ഒറ്റയാൾ പോരാട്ടം തന്നെയായിരുന്നു. ഇതിന് ശേഷം തിലക് വർമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ തരം അമ്പാട്ടി റായുഡു.
തിലക് വർമയെ ഇന്ത്യ കേവലം ഒരു ട്വന്റി20 ബാറ്ററായി മാത്രം കാണരുത് എന്നാണ് റായുഡു പറയുന്നത്. എല്ലാ ഫോർമാറ്റങ്ങളിലും ഇത്തരത്തിൽ മികവ് പുലർത്താൻ സാധിക്കുന്ന താരമാണ് തിലക് വർമ എന്ന് റായുഡു കൂട്ടിച്ചേർക്കുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 മത്സരത്തിൽ നിന്ന് തന്നെ, തിലക് ഒരു മാച്ച് വിന്നറാണെന്ന് എല്ലാവർക്കും മനസ്സിലാകുന്നുണ്ട് എന്ന് റായുഡു വിശദീകരിക്കുകയുണ്ടായി.
ഇനിയും ദീർഘകാലം ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് നെടുംതൂണായി മാറാൻ തിലകിന് സാധിക്കുമെന്നാണ് റായുഡു കരുതുന്നത്. മാത്രമല്ല തിലക് വർമയെ സൂര്യകുമാർ യാദവ് ഒരുപാട് വിശ്വസിക്കുന്നുണ്ട് എന്നും റായുഡു കൂട്ടിച്ചേർത്തു. “തിലക് വർമയിലൂടെ ഇന്ത്യൻ ടീമിന് വലിയൊരു സൂപ്പർസ്റ്റാറിനെ തന്നെയാണ് ലഭിച്ചിരിക്കുന്നത്. എല്ലാ ഫോർമാറ്റുകളിലും ഇന്ത്യക്കായി കളിക്കാനുള്ള കഴിവ് തിലക് വർമയ്ക്കുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ട് അവനെ ട്വന്റി20 താരമായി മാത്രം കാണരുത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ പക്വതയാർന്ന ബാറ്റിംഗ് പ്രകടനമാണ് തിലക് വർമ പുറത്തെടുത്തത്. ഒരു മാച്ച് വിന്നറായി മാറാൻ തനിക്ക് സാധിക്കുമെന്ന് തിലക് വർമ മത്സരത്തിലൂടെ തെളിയിച്ചു. ഇന്ത്യക്കായി എല്ലാ ഫോർമാറ്റുകളിലും അവൻ അവസരം അർഹിക്കുന്നു.”- റായുഡു പറഞ്ഞു.
“തിലക് വർമ ഒരു സൂപ്പർ താരം തന്നെയാണ്. കളിക്കാരൻ എന്ന നിലയിലുള്ള തിലക് വർമയുടെ വളർച്ച ഞാൻ ഇതിനോടകം കണ്ടിട്ടുണ്ട്. സൂര്യകുമാർ അവനെ ഒരുപാട് വിശ്വസിക്കുന്നുമുണ്ട്. സൂര്യകുമാറിന്റെ ക്യാപ്റ്റൻസിയിൽ വളരെ ആത്മവിശ്വാസത്തോടെ കളിക്കാൻ തിലകിന് സാധിക്കുന്നുണ്ട്.”- റായുഡു കൂട്ടിച്ചേർക്കുന്നു. ദക്ഷിണാഫ്രിക്കെതിരെ നടന്ന ട്വന്റി20 പരമ്പരയിലും തകർപ്പൻ പ്രകടനങ്ങളായിരുന്നു തിലക് വർമ കാഴ്ചവച്ചത്. പരമ്പരയിൽ തുടർച്ചയായ മത്സരങ്ങളിൽ സെഞ്ച്വറി സ്വന്തമാക്കാനും ഈ യുവതാരത്തിന് സാധിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 4 മത്സരങ്ങൾ അടങ്ങിയ ട്വന്റി20 പാരമ്പരയിൽ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് തിലക് വർമയുടെ ബാറ്റിംഗാണ്. മാത്രമല്ല കഴിഞ്ഞ 4 ട്വന്റി20 മത്സരങ്ങളിൽ തിലക് വർമയെ പുറത്താക്കാൻ ഒരു ബോളർക്കും സാധിച്ചിട്ടില്ല. വരും മത്സരങ്ങളിലും തിലക് വർമ ഇത്തരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.


