ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ട്വന്റി20 മത്സരത്തിൽ തകർപ്പൻ സെഞ്ചുറി സ്വന്തമാക്കി യുവതാരം തിലക് വർമ. പരമ്പരയിലെ മൂന്നാം മത്സരത്തിലും തിലക് വർമ സെഞ്ചുറി സ്വന്തമാക്കുകയുണ്ടായി. ഇതോടെ സഞ്ജു സാംസന് ശേഷം ഇന്ത്യയ്ക്കായി ട്വന്റി20 ക്രിക്കറ്റിൽ തുടർച്ചയായ മത്സരങ്ങളിൽ സെഞ്ചുറി സ്വന്തമാക്കുന്ന താരമായി തിലക് വർമ മാറി. മത്സരത്തിൽ ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു തിലക് വർമ്മ കാഴ്ചവച്ചത്. 41 പന്തുകളിൽ നിന്ന് തന്റെ സെഞ്ച്വറി പൂർത്തീകരിക്കാൻ മത്സരത്തിൽ തിലക് വർമയ്ക്ക് സാധിച്ചു. ഇന്ത്യയെ ശക്തമായ ഒരു സ്കോറിലെത്തിക്കുന്നതിൽ നിർണായക പങ്കാണ് തിലക് വർമ വഹിച്ചത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് മികച്ച തുടക്കമായിരുന്നു അഭിഷേക് ശർമയും സഞ്ജു സാംസനും നൽകിയത്. അഭിഷേക് ശർമ പുറത്തായ ശേഷമായിരുന്നു തിലക് വർമ ക്രീസിൽ എത്തിയത്. നേരിട്ട ആദ്യ ബോള്‍ മുതൽ ആക്രമണ മനോഭാവമാണ് തിലക് വർമ പുലർത്തിയത്. ഒരു വശത്ത് സഞ്ജു സാംസൺ അല്പം കരുതലോടെ മുന്നോട്ടു നീങ്ങിയെങ്കിലും മറുവശത്ത് തിലക് വർമയുടെ കൂറ്റനടികൾ ദക്ഷിണാഫ്രിക്കയെ വലിയ രീതിയിൽ വലച്ചു. സ്പിന്നർമാർക്കും പേസർമാർക്കുമെതിരെ തുടർച്ചയായി സിക്സർ മഴ പെയ്യിച്ചായിരുന്നു തിലക് വർമ മത്സരത്തിൽ മുൻപിലേക്ക് പോയത്.
മത്സരത്തിൽ 41 പന്തുകളിലാണ് തിലക് വർമ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ഇന്നിംഗ്സിൽ 7 ബൗണ്ടറികളും 9 സിക്സറുകളും ഉൾപ്പെട്ടു. ഇതോടെ ട്വന്റി20 ക്രിക്കറ്റിൽ തുടർച്ചയായ ഇന്നിംഗ്സുകളിൽ സെഞ്ച്വറികൾ സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമായി തിലക് വർമ മാറുകയും ചെയ്തു. ദക്ഷിണാഫ്രിക്കൻ താരം റൈലി റൂസോ, ഇംഗ്ലണ്ട് താരം സോൾട്ട്, സഞ്ജു സാംസൺ എന്നിവരാണ് തുടർച്ചയായ മത്സരങ്ങളിൽ സെഞ്ച്വറി സ്വന്തമാക്കിയ മറ്റു താരങ്ങൾ.
അതേസമയം മറുവശത്ത് സഞ്ജു സാംസനും വമ്പൻ പ്രകടനം തന്നെയാണ് ഇന്ത്യയ്ക്കായി കാഴ്ചവച്ചത്. ഒരു വശത്ത് തിലക് വർമ പൂർണ്ണമായ വെടിക്കെട്ട് നടത്തുമ്പോൾ മറുവശത്ത് സഞ്ജു സാംസനും ഇന്ത്യയിലെ വലിയ സ്കോറിലേക്ക് ഉയർത്തുകയായിരുന്നു. തന്റെ ട്വന്റി20 കരിയറിലെ മൂന്നാം സെഞ്ചുറി സ്വന്തമാക്കാൻ മത്സരത്തിൽ സഞ്ജു സാംസണ് സാധിച്ചു. മാത്രമല്ല ഒരു കലണ്ടർ വർഷം ഏറ്റവുമധികം സെഞ്ചുറികൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡും ഇതോടെ സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്. ഇതാദ്യമായാണ് ഫുൾ മെമ്പർ ടീമുകൾ തമ്മിൽ നടക്കുന്ന ഒരു ട്വന്റി20 മത്സരത്തിൽ ഒരു ടീമിലെ 2 താരങ്ങൾ സെഞ്ചുറി സ്വന്തമാക്കുന്നത്.