ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച പേസ് ബോളർമാരിൽ ഒരാളാണ് ജസ്പ്രീത് ബൂമ്ര. നിർണായകമായ മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച് ഇന്ത്യൻ ടീമിനെ വിജയത്തിലെത്തിക്കാൻ ബുമ്രയ്ക്ക് സാധിക്കാറുണ്ട്. 2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തിൽ വലിയ പങ്ക് ആയിരുന്നു ബൂമ്ര വഹിച്ചിരുന്നത്.
ശേഷം ഇപ്പോൾ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ബോർഡർ – ഗവാസ്കർ ട്രോഫി ടൂർണമെന്റിലും തകർപ്പൻ പ്രകടനം തന്നെയാണ് ബൂമ്ര കാഴ്ചവയ്ക്കുന്നത്. നിലവിൽ പരമ്പരയിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയ താരവും ബുമ്രയാണ്. എന്നാൽ ബൂമ്രയെക്കാൾ മികച്ച പേസർ വസീം അക്രമാണ് എന്ന് തുറന്നുപറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം അഹമ്മദ് ഷഹസാദ്.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസർ ആരാണ് എന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അഹമ്മദ് ഷഹസാദ്. മുൻ ഇതിഹാസ താരവും പാക്കിസ്ഥാൻ നായകനുമായിരുന്ന വസീം അക്രത്തിനെയാണ് ഷഹസാദ് തിരഞ്ഞെടുത്തത്. അക്രം, വക്കാർ യൂനിസ് എന്നീ താരങ്ങളിൽ ആരാണ് മികച്ചത് എന്നുള്ള ചോദ്യമുണ്ടായി. ഇതിന് വസീം അക്രം എന്നായിരുന്നു ഷഹസാദിന്റെ ഉത്തരം. ഷെയ്ൻ വോൺ, അക്രം എന്നിവരിൽ ആരാണ് മികച്ചത് എന്ന ചോദ്യത്തിനും അക്രത്തിനെ തന്നെ ഷഹസാദ് തെരഞ്ഞെടുക്കുകയുണ്ടായി. ഇതിന് ശേഷമാണ് ബൂമ്രയും അക്രമും മത്സരത്തിലേക്ക് വന്നത്. ബൂറയെ മറികടന്ന് താൻ അക്രമിനെ തിരഞ്ഞെടുക്കുകയാണ് എന്ന് ഷഹസാദ് പറഞ്ഞു.
“ബൂമ്ര ഒരു ലോകോത്തര ബോളർ തന്നെയാണ്. അക്കാര്യത്തിൽ യാതൊരു സംശയവും എനിക്കില്ല. കാരണം കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യയെ വിജയിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ബോളറാണ് ബുമ്ര. അവനൊരു മാച്ച് വിന്നറാണ്. പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളർ ആരാണ് എന്ന് ചോദിച്ചാൽ വസീം അക്രത്തിന്റെ പേരാണ് എന്റെ മനസ്സിൽ വരിക.”- അഹമ്മദ് ഷഹസാദ് പറയുന്നു.
പാക്കിസ്ഥാനായി ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും തകർപ്പൻ റെക്കോർഡുകളുള്ള പേസറായിരുന്നു വസീം അക്രം. 104 ടെസ്റ്റ് മത്സരങ്ങൾ പാകിസ്ഥാൻ ടീമിനായി കളിച്ച അക്രം 414 വിക്കറ്റുകളായിരുന്നു പേരിൽ ചേർത്തിരുന്നത്. 386 ഏകദിന മത്സരങ്ങളിൽ നിന്ന് 502 വിക്കറ്റുകൾ സ്വന്തമാക്കാനും അക്രത്തിന് സാധിച്ചിരുന്നു. അതേസമയം ഇതുവരെ 43 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ബൂമ്ര 194 വിക്കറ്റുകളാണ് ഇന്ത്യൻ ടീമിനായി നേടിയിട്ടുള്ളത്.
89 ഏകദിന മത്സരങ്ങളിൽ നിന്ന് 149 വിക്കറ്റുകൾ ഇന്ത്യയ്ക്കായി നേടാനും ബൂമ്രയ്ക്ക് സാധിച്ചിട്ടുണ്ട്. 70 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 89 വിക്കറ്റുകളും ബുമ്ര തന്റെ പേരിൽ ചേർത്തു കഴിഞ്ഞു. ബോർഡർ- ഗവാസ്കർ ട്രോഫിയിലെ അവശേഷിക്കുന്ന 2 മത്സരങ്ങളിലും താരം മികച്ച പ്രകടനം കാഴ്ചവയ്ക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.